റീസര്‍വേയ്ക്കായി കയറിയിറങ്ങി മടുത്തു; ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനു വയോധികന്‍ തീയിട്ടു

single-img
14 May 2018


കൊച്ചി: റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയ വയോധികന്‍ വില്ലേജ് ഓഫീസ് തീയിട്ടു. എറണാകുളം ആമ്പല്ലൂരിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വില്ലേജ് ഓഫീസറുടെ മുറിയിലാണ് തീയിട്ടത്. തീ കത്തിപ്പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി ഫയലുകള്‍ കത്തി നശിച്ചു.

ഇന്ന് രാവിലെ പത്ത് മണിയോടെ വില്ലേജ് ഓഫീസിലെത്തിയ ആമ്പല്ലൂര്‍ സ്വദേശിയായ റജി (70) പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. റീസര്‍വേ ആവശ്യത്തിനായി മാസങ്ങളോളം വില്ലേജ് ഓഫീസ് ഇയാള്‍ കയറിയിറങ്ങിയിരുന്നു.

എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വില്ലേജ് ഓഫീസ് തീയിട്ടത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.