മോഹന്‍ലാലും സൂര്യയുമൊന്നിക്കുന്ന ചിത്രത്തില്‍ അല്ലുസിരീഷും പ്രധാനവേഷത്തിലെത്തുന്നു

single-img
14 May 2018

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിനായി. ആരാധകരുടെ ആവേശം ഇരട്ടിയാക്കി ചിത്രവുമായി ബന്ധപ്പെട്ട് മറ്റൊരു സ്ഥിരീകരണം കൂടി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

തെലുങ്ക് സൂപ്പര്‍ സ്റ്റാറും മലയാളികളുടെ ഇഷ്ടതാരവുമായ അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ അല്ലുസിരീഷും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സിലാണ് മോഹന്‍ലാലും അല്ലു സിരീഷും ഇതിന് മുമ്പ് ഒന്നിച്ചത്.

അയന്‍, കോ, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെ.വി. ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ താനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവരം അല്ലു സിരീഷ് തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

മാത്രമല്ല, തമിഴില്‍ നിന്നുമൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകളായ 2.0, ഇന്ത്യന്‍ 2 എന്നീ സിനിമകള്‍ നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ഈ സിനിമയും ഒരുങ്ങുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം കെ.വി.ആനന്ദും സൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഹാരിസ് ജയരാജായിരിക്കും ചിത്രത്തിന് സംഗീതം ഒരുക്കുക.