ബിഡിജെഎസിന്റെ വോട്ട് ബിജെപിക്കു തന്നെ; പക്ഷേ പ്രവര്‍ത്തകര്‍ ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്‌തേക്കാം: പുതിയ ‘അടവിറക്കി’ തുഷാര്‍ വെള്ളാപ്പള്ളി

single-img
13 May 2018

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസിന്റെ വോട്ട് ബിജെപിക്കു തന്നെ നല്‍കുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍, അവര്‍ക്കിഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്‌തേക്കും. വോട്ടു മറിക്കാനോ എന്‍ഡിഎയെ ഒഴിവാക്കാനോ ശ്രമിക്കില്ല. എന്‍ഡിഎയുമായുള്ള പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ തുടരും.

ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ വൈകില്ലെന്നും തുഷാര്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ‘ഗുരുപുഷ്പങ്ങള്‍’ കുട്ടിക്കൂട്ടായ്മ ക്യാംപില്‍ പങ്കെടുക്കാനെത്തിയപ്പോവാണ് തുഷാര്‍ മാധ്യമങ്ങളോടു നിലപാട് വ്യക്തമാക്കിയത്.

എസ്എന്‍ഡിപി യോഗത്തിന്റെ നിലപാടു സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായശേഷം തീരുമാനിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തി ശക്തി തെളിയിക്കണമെന്നതാണു തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ തീരുമാനത്തിനെതിരായാണ് ഇപ്പോള്‍ തുഷാറിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.