തിയേറ്റര്‍ പീഡനം: ബാലിക മുമ്പും പീഡിപ്പിക്കപ്പെട്ടു; അമ്മയുടെ മൊഴി രേഖപ്പെടുത്തി; കുട്ടിയെ റസ്‌ക്യുഹോമിലാക്കി

single-img
13 May 2018

മലപ്പുറം: എടപ്പാളിലെ മള്‍ട്ടിപ്ലെക്‌സ് തിയേറ്ററില്‍ പീഡനത്തിന് ഇരയായ ബാലികയെ പ്രതി പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60) മുമ്പും പീഡിപ്പിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടി. ഇതേക്കുറിച്ച് പരാതികള്‍ ഉയര്‍ന്നെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മൊയ്തീന്‍ കുട്ടി എല്ലാം ഒതുക്കുകയായിരുന്നു.

അമ്മയുടെ പിന്തുണയോടെ ബാലികയെ രണ്ടര മണിക്കൂറോളം ലൈംഗികമായി പീഡിപ്പിച്ചതിന്റെ കാമറാ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കുട്ടിയെ മറ്റെവിടെയെങ്കിലും കൊണ്ടുപോയി മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുകയാണ്. അതേസമയം, ബാലികയുടെ അമ്മയായ തൃത്താല സ്വദേശിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്. തൃത്താലയിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇതേസമയം, ബാലികയെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത സ്ത്രീക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മിഷന്‍. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ വ്യക്തമാക്കി.

പോക്‌സോ കേസായതിനാല്‍ വനിതാ കമ്മിഷന് ഇതില്‍ ഇടപെടാനാകില്ലെന്നും ജോസഫൈന്‍ അറിയിച്ചു. സംഭവം പുറത്തുവിട്ട എടപ്പാളിലെ തിയറ്റര്‍ ഉടമയുമായി കൂടിക്കാഴ്ച നടത്തിയ വനിതാ കമ്മിഷന്‍ അധ്യക്ഷ, മാതൃകാപരമായ നടപടിക്ക് അദ്ദേഹത്തെ അഭിനന്ദിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടിയെ (60) ഇന്ന് പൊന്നാനി കോടതിയില്‍ ഹാജരാക്കും. അതേസമയം, വിവരമറിഞ്ഞ് 15 ദിവസം കഴിഞ്ഞിട്ടും കേസെടുക്കാന്‍ വൈകിയതിന് ചങ്ങരംകുളം എസ്‌ഐ കെ.ജി.ബേബിയെ ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.

26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്‌ലൈന്‍ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്‌സോ) നിയമം അനുസരിച്ചാണ് കേസ്.

മുന്‍കൂര്‍ജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീന്‍കുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാന്‍ പദ്ധതിയിട്ടിരുന്നതായി പിടികൂടിയ പാലക്കാട് പൊലീസ് പറഞ്ഞു. രാത്രി കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. പിന്നീട് പൊന്നാനി സ്‌റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസും ബിജെപിയും മാര്‍ച്ച് നടത്തി.