ദളിത് മുഖ്യമന്ത്രിക്കായി വഴിമാറിക്കൊടുക്കാന്‍ തയ്യാറെന്ന് സിദ്ധരാമയ്യ

single-img
13 May 2018

ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറിക്കൊടുക്കാന്‍ തയ്യാറെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കും. ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇല്ലെന്നും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടരുമെന്നും സിദ്ധരാമയ്യ ആവര്‍ത്തിച്ചു. മൈസൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ കര്‍ണാടകയില്‍ ത്രിശങ്കുസഭ പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസും ബിജെപിയും ജെഡിഎസ്സും രംഗത്തെത്തി. ഒറ്റയ്ക്ക് ഭരണം പിടിക്കുമെന്ന അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്.

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തമാശയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ട്രിറ്ററില്‍ പ്രതികരിച്ചു. യഥാര്‍ഥഫലമറിയാന്‍ ഒരുദിവസം മാത്രംശേഷിക്കേ ഏതുസാഹചര്യവും നേരിടാനുള്ള മുന്നൊരുക്കത്തിലാണ് കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും.

കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പോളിങ്ങാണ് ഇന്നലെ രേഖപ്പെടുത്തിയത്. മുന്‍പ് രണ്ടുതവണ ഉയര്‍ന്ന പോളിങ് ഉണ്ടായപ്പോള്‍ കോണ്‍ഗ്രസാണ് ജയിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് പോളിങ് വര്‍ധിച്ചതെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ചൂണ്ടിക്കാട്ടി.

കര്‍ണാടകയില്‍ ത്രിശങ്കുസഭയെങ്കില്‍ ജെഡിഎസുമായി സഖ്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മുളന്തുരുത്തിയില്‍ പറഞ്ഞു.

ബിജെപി അധികാരത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് യെദ്യൂരപ്പ: വിധിയറിയും മുമ്പേ കുമാരസ്വാമി സിംഗപൂരിലേക്ക് ‘മുങ്ങി’