സമ്മേളനങ്ങളിലെ ചട്ടലംഘനം: പൊലീസ് അസോസിയേഷനോട് ഡിജിപി വിശദീകരണം തേടി

single-img
13 May 2018

തിരുവനന്തപുരം: പൊലീസ് അസോസിയേഷന് ഡിജിപിയുടെ നോട്ടീസ്. അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നുവെന്ന പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. പരാതിയില്‍ റേഞ്ച് ഐജിമാരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഡിജിപി നോട്ടീസ് നല്‍കിയത്.

ഐജിമാരുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് മുമ്പാണ് ഡിജിപിയുടെ നടപടി. സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും വിശദീകരണം നല്‍കണം. പല സ്ഥലങ്ങളിലും അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നുവെന്നാണ് എസ്പിമാരുടെ റിപ്പോര്‍ട്ട്.

റേഞ്ച് ഐജിമാര്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നാണ് സൂചന. നിലവിലുള്ള ഉത്തരവുകളും സര്‍ക്കുലറും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. എന്നാല്‍ അച്ചടക്ക നടപടിയുള്ളതായി അറിയില്ലെന്നും പോലീസ് അസോസിയേഷന്‍ സമ്മേളനത്തിലായതിനാല്‍ നോട്ടീസിനെ കുറിച്ചറിയില്ലെന്നും ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ പ്രതികരിച്ചു.

പൊലീസ് സംഘടനയില്‍ രാഷ്ട്രീയ അതിപ്രസരമെന്നറിയിച്ച് ഇന്റലിജന്‍സ് മേധാവി ഡി.ജി.പിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സി.പി.എം സമ്മേളനത്തിന് സമാനമായ രീതിയില്‍ മുദ്രാവാക്യം വിളിയും വസ്ത്രധാരണവും രക്തസാക്ഷി അനുസ്മരണവും സേനയ്ക്ക് യോജിച്ചതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് അന്വേഷണത്തിനു ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. റേഞ്ച് ഐജിമാര്‍ക്കായിരുന്നു അന്വേഷണച്ചുമതല. ചട്ടലംഘനം ഉള്‍പ്പെടെ അന്വേഷിക്കാനും ഡിജിപി നിര്‍ദേശിച്ചിരുന്നു.