ബിജെപി അധികാരത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് യെദ്യൂരപ്പ: വിധിയറിയും മുമ്പേ കുമാരസ്വാമി സിംഗപൂരിലേക്ക് ‘മുങ്ങി’

single-img
13 May 2018

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ. പാര്‍ട്ടി 125 മുതല്‍ 130 സീറ്റുകള്‍ വരെ നേടി അധികാരം പിടിച്ചെടുക്കും.

കോണ്‍ഗ്രസിനു ഏഴുപത് സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസിന് 25 സീറ്റ് ലഭിക്കില്ലെന്നും ഭരണകക്ഷിയായ കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരേ കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മേയ് 17 ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദ്യൂരപ്പ ആവര്‍ത്തിച്ചു.

അതിനിടെ കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ കാത്തുനില്‍ക്കാതെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു. ഫലപ്രഖ്യാപനം നടക്കുന്ന ചൊവ്വാഴ്ച വൈകീട്ടോടെ മാത്രമേ കുമാരസ്വാമി ബംഗളൂരുവില്‍ മടങ്ങിയെത്തൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുമാരസ്വാമിയുടെ പിന്തുണയില്ലാതെ കോണ്‍ഗ്രസിനോ ബി.ജെ.പിക്കോ കര്‍ണാടക ഭരിക്കാന്‍ കഴിയില്ലെന്നാണ് എക്‌സിറ്റ്‌പോളുകള്‍. എക്‌സിറ്റ്‌പോള്‍ ഫലം പുറത്ത് വന്നയുടനെയായിരുന്നു കുമാരസ്വാമിയുടെ സിംഗപ്പൂര്‍ യാത്ര.

ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ കുമാരസ്വാമിയുമായും എച്ച്.ഡി ദേവഗൗഡയുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് സുചന. ഇന്ത്യയില്‍ വെച്ച് ബി.ജെ.പി കോണ്‍ഗ്രസ് നേതാക്കളുമായി കൂടികാഴ്ചകള്‍ നടത്തിയാല്‍ അത്തരം കൂടികാഴ്ചയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുമെന്നതിനാലാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ട്.