അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി വിശ്വാസത്തിന് എതിരായാല്‍ ഹിന്ദുക്കള്‍ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് വിഎച്ച്പി നേതാവിന്റെ ഭീഷണി

single-img
13 May 2018

ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി വിശ്വാസത്തിന് എതിരായാല്‍ ഹിന്ദുക്കള്‍ പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന ഭീഷണിയുമായി വിഎച്ച്പി നേതാവ് വിഎസ് കോക്‌ജെ. വിശ്വ ഹിന്ദു പരിഷത്തിന്റെ പുതിയ പ്രസിഡന്റാണ് കോക്‌ജെ.

ഹരിദ്വാര്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കോക്‌ജെ. അയോധ്യ വിഷയത്തില്‍ ആറേഴ് മാസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യക്കേസില്‍ സുപ്രീം കോടതി വിധി എതിരായാല്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുക്കള്‍ പ്രക്ഷോഭം ആരംഭിക്കും. കോടതി വിധി വിശ്വാസത്തിന് എതിരായാല്‍ നിയമം നിര്‍മ്മിക്കാനായി ഹിന്ദുക്കള്‍ പ്രാദേശിക എം.പിമാര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നുമാണ് കോക്‌ജെ പറഞ്ഞത്.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷത്തിനിടെ എന്തുകൊണ്ടാണ് ഇത്തരമൊരു നിയമം ഉണ്ടാക്കാതിരുന്നത് എന്ന ചോദ്യത്തിന് എല്ലാ ശ്രമങ്ങളും സര്‍ക്കാറിന് എടുക്കാന്‍ കഴിയില്ല എന്നാണ് കോക്‌ജെ മറുപടി നല്‍കിയത്. ‘പതുക്കെയാണെങ്കിലും ആവശ്യമായ നടപടികള്‍ എടുക്കും.

കുറഞ്ഞത് കാവി ഭീകരതയുടെ പേരില്‍ പാവപ്പെട്ട ഹിന്ദു യുവാക്കള്‍ക്കുമേല്‍ അതിക്രമങ്ങളെങ്കിലും നടക്കാതിരിക്കണം.’ കോക്‌ജെ വ്യക്തമാക്കി. അയോധ്യക്കേസില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലുകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മെയ് 15നാണ് കോടതിയില്‍ ഈ ഹര്‍ജിയിന്മേല്‍ അടുത്ത വാദം നടക്കുക.