രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനവും കാലയിലെ ഗാനങ്ങളും തമ്മില്‍ എന്താണ് ബന്ധം?; കാലയിലെ ഗാനങ്ങള്‍ വിവാദമാകുന്നത് ഇങ്ങനെ

single-img
13 May 2018

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കാല. രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാലയ്ക്കുണ്ട്. എന്നാല്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ വിവാദമായിരിക്കുകയാണ്.

സമരങ്ങളിലൂടെ നേടാന്‍ നമുക്ക് ഒരുപാടുണ്ടെന്ന ഉള്ളടക്കമുള്ള പോരാടുവോം എന്ന ഗാനത്തോട് ഭരണകൂടം അതൃപ്തി അറിയിച്ചു. സര്‍ക്കാരിനെയും ജനങ്ങളെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ഒരു ശ്രമങ്ങളും വച്ചു പൊറുപ്പിക്കാനാവില്ലെന്നാണ് മുന്നറിയിപ്പ്.

ജനങ്ങളെ അനാവശ്യ പ്രതിഷേധങ്ങളിലേക്ക് തള്ളിവിടുന്ന രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രജനിയുടെ സമീപനവും നിലപാടുകളും ഈ ചിത്രത്തിലുണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് ഗാനങ്ങള്‍ വിവാദമായത്.

ഗാനങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ തലൈവ ആരാധകര്‍ രംഗത്തിറങ്ങി. എന്നാല്‍ ഇത് പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. ഇതോടെ കാല ഒരു രാഷ്ട്രീയ സിനിമയല്ലെന്നും കഥയ്ക്ക് അകമ്പടിയായി ശക്തമായ രാഷ്ട്രീയം കടന്നു വരുന്നതാണെന്നും രജനികാന്ത് തന്നെ വ്യക്തമാക്കി.

മുംബൈയിലെ ധാരാവി ചേരിയില്‍ കഴിയുന്ന പിന്നോക്ക വര്‍ഗ്ഗക്കാരായ തമിഴരുടെ ജീവിതമാണ് സിനിമ പറയുന്നത്. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ പടപൊരുതുന്ന ഒരു നേതാവിന്റെ വേഷമാണ് രജനികാന്തിന്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജൂണ്‍ ഏഴിന് തീയേറ്ററുകളിലെത്തും.