സിപിഎം നേതാവ് ബാബുവിന്റെ കൊല; ആര്‍എസ്എസുകാരനായ നവവരന്‍ കസ്റ്റഡിയില്‍; ഇന്ന് നടക്കാനിരുന്ന വിവാഹം മുടങ്ങി

single-img
13 May 2018

മാഹി: സി.പി.എം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മാഹി നഗരസഭ മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ (47) വെട്ടിക്കൊന്ന കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പുതുച്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ് പിടിയിലായത്.

ഇന്ന് ജെറിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. രാവിലെ വിവാഹത്തിനായി വീട്ടില്‍ നിന്ന് പുറപ്പെടുന്നതിനിടെയാണ് ജെറിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇതേതുടര്‍ന്ന് ജെറിന്റെ വിവാഹം മുടങ്ങി. ജെറിനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

കേസുമായി ബന്ധമുണ്ടെന്നു കരുതുന്നവരുടെ പട്ടിക കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് തയാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകത്തില്‍ ജെറിന്റെ പങ്ക് വ്യക്തമായെന്നും ഇതേത്തുടര്‍ന്നാണ് അറസ്റ്റെന്നുമാണ് വിവരം.

അതിനിടെ സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലിന്റെയും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെയും ഘാതകരെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. വിവരങ്ങള്‍ പരസ്പരം കൈമാറിയാണ് ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് അന്വേഷണം തുടരുന്നത്.

ബിജെപി പുതുച്ചേരി സംസ്ഥാന സമിതി അംഗം വിജയന്‍ പൂവച്ചേരിയെ പള്ളൂര്‍ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ബാബുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതായി സംശയം തോന്നിയതാണ് ചോദ്യം ചെയ്യാന്‍ കാരണം.

ഷമേജിന്റെ കൊലപാതകം അന്വേഷിക്കുന്ന കേരള പൊലീസ് ഇതിനോടകം ഇരുപത് പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. കൊലപാതകം നടന്ന പ്രദേശത്തെ സിസിടിവി ദൃശങ്ങളും ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ രേഖകളും പരിശോധിക്കുന്നുണ്ട്. ബാബുവിന്റെ വിലാപയാത്രയ്‌ക്കെത്തിയവര്‍ പുതുച്ചേരി പൊലീസിന്റെ വാഹനം കത്തിച്ച കേസിലും ആരെയും പിടികൂടിയിട്ടില്ല.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ടത്. അക്രമിസംഘം പതിയിരുന്ന് ബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പളളൂര്‍ വയല്‍ റോഡിലൂടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബാബുവിനെ വാഹനത്തില്‍ എത്തിയ സംഘമാണ് ആക്രമിച്ചത്. കഴുത്തിനും തലക്കും ആഴത്തില്‍ വെട്ടേറ്റ ബാബു തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണമടഞ്ഞിരുന്നു.

വീടിന്റെ നൂറ് മീറ്റര്‍ അകലെ കോറോത്ത് ക്ഷേത്രത്തിന് പരിസരത്ത് വെച്ചാണ് ബാബു ആക്രമിക്കപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ പത്തുമണിയോടെ മാഹി പാലത്തിന് സമീപത്തു വച്ച് ഓട്ടോഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ ഷമേജ് വെട്ടേറ്റ് കൊല്ലപ്പെട്ടിരുന്നു. മാഹി പാലത്തിന് സമീപത്തുള്ള മലയാളം കലാഗ്രാമത്തിന് പരിസരത്ത് വച്ച് ഓട്ടോറിക്ഷ വളഞ്ഞിട്ടായിരുന്നു ഷമേജിനെ ആക്രമിച്ചത്.