സ്വാതന്ത്ര്യ സമരസേനാനി ബാല ഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവെന്ന് എട്ടാം ക്ളാസ് പുസ്തകം

single-img
12 May 2018

ജയ്‌പൂര്‍: സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവായിരുന്നെന്ന എട്ടാം ക്ളാസിലെ പാഠപുസ്‌തകത്തിലെ പരാമര്‍ശം വിവാദമാകുന്നു. രാജസ്ഥാനിലെ സ്കൂ‌ളുകളിലേക്ക് നല്‍കിയ എട്ടാം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിലാണ് ബാലഗംഗാധര തിലകനെ ‘ഫാദര്‍ ഒഫ് ടെററിസം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഈ പുസ്തകം ഉപയോഗിക്കുന്നത്. ദേശീയ പ്രക്ഷോഭത്തിനായി പാത വെട്ടിത്തെളിയിച്ച തിലകന്‍ ഭീകരവാദത്തിന്റെ പിതാവാണെന്നാണ് അറിയപ്പെടുന്നതെന്ന് പുസ്‌കത്തില്‍ പറയുന്നു. പുസ്തകത്തില്‍ 22-ാം പാഠത്തില്‍ 267-ാം പേജിലാണ് ഇങ്ങനെയുള്ളത്.

ബ്രിട്ടീഷ് ഓഫീസര്‍മാരുടെ വക്കാലത്തില്ലാതെ നമ്മുടെ ലക്ഷ്യങ്ങള്‍ നേടാനാവില്ലെന്ന് തിലകന്‍ വിശ്വസിച്ചിരുന്നു. ശിവജി, ഗണപതി ഉത്സവങ്ങളിലൂടെ അദ്ദേഹം രാജ്യത്ത് സവിശേഷമായ അവബോധവും കാഴ്ചപ്പാടും സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് സ്വാതന്ത്യത്തിന്റെ മന്ത്രം പറഞ്ഞു കൊടുത്ത് അവരെ പ്രചോദിപ്പിച്ച്‌ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി തിലകന്‍ മാറിയെന്നും പുസ്തകത്തില്‍ പറയുന്നു.

തിലകനെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ചത് ഏറെ അപലപനീയമാണെന്ന് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ കൈലാഷ് ശര്‍മ്മ പറഞ്ഞു.