പെട്രോളിനും ഡീസലിനും രണ്ടു രൂപ വരെ കൂടിയേക്കും

single-img
12 May 2018

കര്‍ണാടക തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ധനവില ഇന്നു അർധ രാത്രിയോടെ വീണ്ടും ഉയരുമെന്ന് സൂചന. പെട്രോളിനും ഡീസലിനും രണ്ടു രൂപ വരെ കൂടാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചതോടെ ഏപ്രില്‍ 24ന് ശേഷം എണ്ണക്കമ്പനികള്‍ ഇന്ധന വിലയില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഒരു ഡോളർ ഉയരുമ്പോൾ ഇന്ത്യയിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് 40 പൈസ വീതമാണ് എണ്ണക്കമ്പനികൾ നിലവില്‍ വില ഉയർത്തുന്നത്. ഏപ്രിൽ 24 നു ശേഷം രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് അഞ്ച് ഡോളറോളം ഉയർന്നിട്ടുണ്ടെങ്കിലും അത് വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല.

ഇതാണ് രണ്ടു രൂപ വില വർധന പ്രതീക്ഷിക്കാനുള്ള കാരണം. അവസാന വിലനിർണയം നടന്ന ഏപ്രില്‍ 24ന് ബാരലിന് 74.01 ഡോളറായിരുന്നു അസംസ്കൃത എണ്ണവില. അന്ന് പെട്രോളിന് 13 പൈസയും ഡീസലിന് 18 പൈസയുമാണ് വർധിപ്പിച്ചത്. എന്നാല്‍ പിന്നീട് വില പുനര്‍ നിര്‍ണയം ഉണ്ടാകാതിരുന്നതിന് പിന്നില്‍ കര്‍ണാടക തിരഞ്ഞെടുപ്പാകാം കാരണമെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്.

ഏപ്രിൽ 25ന് അസംസ്കൃത എണ്ണവില 73.07 ഡോളറായി കുറഞ്ഞെങ്കിലും വിലയിൽ മാറ്റം വരുത്താൻ എണ്ണ വിതരണ കമ്പനികൾ തയാറായില്ല. ഇതിന് ശേഷം തുടര്‍ച്ചയായി ക്രൂഡ് ഓയിലിന്റെ വില കൂടുകയായിരുന്നു. ഇന്നലെ 77.29 ഡോളറായിരുന്നു ബ്രെന്റ് ക്രൂഡിന്റെ രാജ്യാന്തര വില. ബാരലിന് ഒരു ഡോളർ വിലയുയർന്നാൽ ഇന്ത്യയിലെ എണ്ണക്കമ്പനികളുടെ കറന്റ് അക്കൗണ്ട് നഷ്ടം ആകെ 100 കോടി ഡോളർ വരുമെന്നാണ് കണക്ക്കൂട്ടുന്നത്. ഇത്തരത്തിൽ തുടര്‍ച്ചയായുണ്ടായ വരുമാന നഷ്ടവും ഓഹരി വിലയിടിവുമൊക്കെ പരിഗണിച്ചാകും എണ്ണക്കമ്പനികളുടെ അടുത്ത വിലനിർണയം എന്നാണ് കണക്കാക്കുന്നത്.

വിപണിവിലയ്ക്കനുസരിച്ചു ഇന്ധനവില നിശ്ചയിക്കാന്‍ ആഭ്യന്തര എണ്ണക്കമ്പനികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ആഗോള എണ്ണ വിലയെ പഴിചാരി വില നിയന്ത്രണം അസാധ്യമാണെന്ന് ആവര്‍ത്തിക്കുന്ന മോദി സര്‍ക്കാരിന്, വേണമെങ്കില്‍ ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇത്രയും നാള്‍ കണ്ടത്. പക്ഷേ അതിന് തെരഞ്ഞെടുപ്പ് പോലെയുള്ള എന്തെങ്കിലുമൊക്കെ വരണമെന്ന് മാത്രം.