ഇന്ത്യന്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്;700 മീറ്റര്‍ മാത്രം അകലത്തില്‍ വിമാനങ്ങങ്ങള്‍ ആകാശത്ത് മുഖാമുഖം

single-img
12 May 2018

മുംബൈ: ധാക്കയുടെ ആകാശത്ത് വെച്ച് രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്‍ഡിഗോ എയര്‍ബസ് എ320വും എയര്‍ ഡെക്കാന്റെ ബീച്ച്ക്രാഫ്റ്റ് 1900 ഡിയുമാണ് ആകാശത്തു നേര്‍ക്കു നേര്‍ വന്നത്.
700 മീറ്റര്‍ മാത്രം അകലത്തിലായിരുന്ന വിമാനങ്ങളുടെ പൈലറ്റുമാര്‍ക്ക് ഓട്ടോമാറ്റിക്കായി ലഭിച്ച മുന്നറിയിപ്പ് സന്ദേശമാണ് വന്‍ ദുരന്തമൊഴിവാക്കാന്‍ സഹായിച്ചത്. ഇക്കഴിഞ്ഞ മേയ് രണ്ടിനായിരുന്നു സംഭവം.

സാധാരണ ഗതിയില്‍ വിമാനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട അകലം ഉണ്ടായില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം ആരംഭിച്ചു.

കൊല്‍ക്കത്തയില്‍ നിന്ന് അഗര്‍ത്തലയിലേക്കു പോകുകയായിരുന്ന ഇന്‍ഡിഗോയുടെ 6ഇ892 വിമാനവും അഗര്‍ത്തലയില്‍ നിന്നു കൊല്‍ക്കത്തയിലേക്കുള്ള യാത്രയിലായിരുന്ന എയര്‍ ഡെക്കാന്റെ ഡിഎന്‍602 വിമാനവുമാണ് നേര്‍ക്ക് നേര്‍ വന്നത്. 9000 അടി ഉയരത്തില്‍ നിന്ന് അഗര്‍ത്തലയിലേക്കുള്ള ലാന്‍ഡിങ്ങിനൊരുങ്ങുകയായിരുന്നു എയര്‍ ഡെക്കാന്റെ വിമാനം. അതേസമയം ഇന്‍ഡിഗോ കൊല്‍ക്കത്തയില്‍ നിന്നു ടേക്ക് ഓഫിനു ശേഷം പറന്നുയരുകയായിരുന്നു. സംഭവത്തില്‍ ഇരുകമ്പനികളും അന്വേഷണം നേരിടുന്നുണ്ട്.