‘വീണ്ടും കടക്കു പുറത്ത്’:മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടു

single-img
12 May 2018

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് വീണ്ടും മാദ്ധ്യമ പ്രവര്‍ത്തകരെ പുറത്താക്കി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.

മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ അധ്യക്ഷ പ്രസംഗവും മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗവും കഴിഞ്ഞ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കണം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം മന്ത്രി ഇ.ചന്ദ്രശേഖരന്‍ മൈക്കിലൂടെ അറിയിച്ചത്. എഴുന്നേറ്റു പോകാന്‍ തയ്യാറാവാത്ത മാധ്യമപ്രവര്‍ത്തകരോട് .പി.എം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ജില്ലാ കമ്മിറ്റി അംഗം വി.വി.രമേശനും വേദിയില്‍ നിന്ന്‌ഇറങ്ങി വന്ന് ഹാളില്‍ നിന്ന് പുറത്തിറങ്ങണമെന്നു ആവശ്യപെടുകയായിരുന്നു. എന്താണ് കാരണമെന്ന് അന്വേഷിച്ച മാധ്യമപ്രവര്‍ത്തകരെ നോക്കി മുഖ്യമന്ത്രി തന്നെ പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹാളിനു പുറത്തിറങ്ങിയ മാധ്യമ പ്രവര്‍ത്തകരെ ചില നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം,​ സി.പി.എം അനുകൂല പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഹാളില്‍ ഇരിക്കാന്‍ മൗനാനുവാദവും നല്‍കി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ചിത്രമെടുക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും മാത്രമേ മാദ്ധ്യമ പ്രവര്‍ത്തകരെ അനുവദിച്ചുള്ളൂ. മാദ്ധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന് പൊലീസിന് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.