മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത കാഴ്ച; അംഗപരിമിതനായ വൃദ്ധനെ ബസില്‍ കയറാന്‍ സഹായിക്കാനായി സീറ്റില്‍ നിന്ന് എഴുന്നേറ്റ് വന്ന് ബസ് ഡ്രൈവര്‍; വീഡിയോ വൈറലാകുന്നു

single-img
12 May 2018


പരസ്പരം കൊന്നും കൊലവിളിച്ചും ആക്ഷേപങ്ങള്‍ ചൊരിഞ്ഞുമുള്ള വാര്‍ത്തകള്‍ക്കിടെ ചില കാഴ്ചകള്‍ മനസിന് ആശ്വാസം പകരുന്നതാകും. മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകും അത്തരം കാഴ്ചകള്‍. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയില്‍ നടന്നത്.

അംഗപരിമിതനായ ഒരു വൃദ്ധനെ സഹായിക്കാനായി ബസിന്റെ ഡ്രൈവര്‍ തന്നെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് വന്നു. വൃദ്ധനെ സഹായിക്കാന്‍ കൂടെയാരുമില്ലെന്ന് മനസിലാക്കിയാണ് ഡ്രൈവര്‍ സഹായഹസ്തവുമായി എത്തിയത്. വൃദ്ധന്റെ കൈ പിടിച്ച് ഡ്രൈവര്‍ ബസിനുള്ളിലേക്ക് കയറ്റി സീറ്റില്‍ കൊണ്ടിരുത്തി. തുടര്‍ന്ന് ടിക്കറ്റ് എടുക്കുന്നതിന് കാര്‍ഡ് സൈ്വപ്പ് ചെയ്തും സഹായിച്ചു. വൃദ്ധന് ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോള്‍ ഡ്രൈവര്‍ വീണ്ടും സീറ്റില്‍ നിന്ന് എഴുന്നേറ്റ് വൃദ്ധനെ പൊക്കിയെടുത്ത് ബസിന് പുറത്തേക്ക് ഇറക്കിക്കൊടുത്തു. ഈ മാസം 8ന് നടന്ന സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തു. സോഷ്യല്‍മീഡിയയില്‍ നിരവധി പേരാണ് ഡ്രൈവറുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.