56 വര്‍ഷം മുമ്പ് വെള്ളത്തില്‍ മുങ്ങിപ്പോയ ഗ്രാമം ഉയര്‍ന്നുവന്നു

single-img
12 May 2018

56 വര്‍ഷം മുമ്പ് വെള്ളത്തില്‍ മുങ്ങിപ്പോയ ഗ്രാമം ഉയര്‍ന്നുവന്നു. തെക്കുകിഴക്കന്‍ ചൈനയിലെ ജിയാംഗ്ഷി പ്രവിശ്യയിലാണ് ഈ ഗ്രാമമുള്ളത്. ജലസംഭരണി നിര്‍മ്മിച്ചതിനെ തുടര്‍ന്നായിരുന്നു ഗ്രാമം വെള്ളത്തില്‍ മുങ്ങിപ്പോയത്. ജലസംഭരണിയിലെ വെള്ളം ഇപ്പോള്‍ കുറച്ചതോടെയാണ് ഗ്രാമം വീണ്ടെടുത്തത്.

1961ലാണ് നാന്‍ഗാംഗ് അണക്കെട്ട് നിര്‍മ്മിച്ചത്. 13ാം നൂറ്റാണ്ടില്‍ വെള്ളി ഖനിയില്‍ തൊഴിലെടുക്കാന്‍ എത്തിയവരായിരുന്നു ഈ ഗ്രാമത്തില്‍ താമസിച്ചിരുന്നത്. അണക്കെട്ട് നിര്‍മ്മിച്ചതോടെ ഒട്ടേറെ കുടുംബങ്ങള്‍ക്ക് ഇവിടെ നിന്ന് പലായനം ചെയ്യേണ്ടിവന്നു. സമീപത്തുള്ള നഗരങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി ഈ അണക്കെട്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വെള്ളം പമ്പ് ചെയ്ത് തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് വെള്ളം കുറയുകയും പഴയ ഗ്രാമം ദൃശ്യമായിത്തുടങ്ങുകയുമായിരുന്നു.

ചൈനയിലെ ഏറ്റവും വലുതും സംരക്ഷിച്ചുപോരുന്നതുമായ ഖനിയാണ് ഇവിടെയുള്ളത്. അതേസമയം അണക്കെട്ടില്‍ വീണ്ടും വെള്ളമുയരുമ്പോള്‍ ഈ ഗ്രാമം വീണ്ടും വെള്ളത്തിനടിയിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്.