വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

single-img
11 May 2018

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ല, ശരിയായ പ്രതികളെ പിടികൂടണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

എട്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ രാഷ്ട്രീയം കളിക്കുന്നുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈകോടതിയില്‍ വിശദീകരിച്ചു. തുടര്‍ന്നാണ് കേസ് ഈ മാസം 22ലേക്ക് മാറ്റുന്നതായി ഹൈക്കോടതി അവധിക്കാല ബെഞ്ച് അറിയിച്ചത്.

കേസിലെ നാലാം പ്രതിയും വരാപ്പുഴ എസ്.ഐയുമായിരുന്ന ജി.എസ് ദീപകിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 18ന് പരിഗണിക്കാന്‍ മാറ്റി. എസ്.ഐയുടെ പേരില്‍ ആരോപിക്കപ്പെടുന്ന കുറ്റം വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കീഴ്‌കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

തുടര്‍ന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. സംഭവ ദിവസം അവധിയിലായിരുന്നുവെന്നും താന്‍ സ്‌റ്റേഷനിലെത്തുന്നതിന് മുമ്പേ ശ്രീജിത്ത് വയറുവേദനയാണെന്ന് പറഞ്ഞുവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്.ഐ ദീപക് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഉന്നത ബന്ധമുള്ള പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്ന വാദം കണക്കിലെടുത്താണ് ഹര്‍ജി മാറ്റിയത്.