ബിജെപിയെ വെട്ടിലാക്കി സിബിഐ: ഉന്നാവോയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് ബിജെപി എംഎല്‍എയാണെന്ന് സ്ഥിരീകരിച്ച് സിബിഐ

single-img
11 May 2018

ഉന്നാവോ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങിനെ പ്രതിക്കൂട്ടിലാക്കി സിബിഐ. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിന് മഖായി ഗ്രാമത്തിലെ എംഎല്‍എയുടെ വസതിയില്‍ വച്ചാണ് പെണ്‍കുട്ടിയെ കുല്‍ദീപ് ബലാത്സംഗം ചെയ്തതെന്ന് സിബിഐ സ്ഥിരീകരിച്ചു.

കേസ് ഏറ്റെടുത്ത് ഒരു മാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് സിബിഐ നിര്‍ണായക നിഗമനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. മുമ്പ് ഈ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും നീതിപൂര്‍വമായ അന്വേഷണം നടത്തുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തി.

ബലാത്സംഗം നടക്കുന്ന സമയത്ത് മുറിയുടെ പുറത്ത് എംഎല്‍എയുടെ സഹായി ശശി സിങ് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും സിബിഐ കണ്ടെത്തി. സെനഗറാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ശശി സിങാണ് ഇതിന് കൂട്ടുനിന്നതെന്നും പെണ്‍കുട്ടി പലയാവര്‍ത്തി പൊലീസിന് മൊഴി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ നിന്നും കുറ്റപത്രത്തില്‍ നിന്നും കുല്‍ദീപ് സിങ് അടക്കമുള്ളവരെ ഉത്തര്‍പ്രദേശ് പൊലീസ് ഒഴിവാക്കുകയാണ് ചെയ്തത്.

ജൂണ്‍ 20 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആഗസ്റ്റിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കുന്നത് പൊലീസ് വൈകിപ്പിച്ചെന്നും സിബിഐ കുറ്റപ്പെടുത്തി. ബലാത്സംഗ സമയത്ത് ധരിച്ചിരുന്ന പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കുന്നതും പൊലീസ് വൈകിപ്പിച്ചു.

പ്രതികളെ രക്ഷപെടുത്താന്‍ പൊലീസ് ഗുരുതര നിയമലംഘനമാണ് നടത്തിയത്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ സിബിഐ, പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലും പെണ്‍കുട്ടി ബിജെപി എംഎല്‍എയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 164 ാം വകുപ്പ് അനുസരിച്ച് രേഖപ്പെടുത്തിയ ഈ മൊഴി കോടതിയില്‍ ശക്തമായ തെളിവാണ്.