വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസിന് കുരുക്കായി ഹൈക്കോടതി അന്വേഷണറിപ്പോര്‍ട്ട്: കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്ന് ശ്രീജിത്തിന്റെ കുടുംബം

single-img
11 May 2018

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസിന് കുരുക്കായി ഹൈക്കോടതി അന്വേഷണറിപ്പോര്‍ട്ടും. ശ്രീജിത്തിനെ ഹാജരാക്കുന്നതില്‍ വീഴ്ച പറ്റിയത് പൊലീസിനാണെന്നും മജിസ്‌ട്രേറ്റിനല്ലെന്നും ഹൈക്കോടതി അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെന്ന പോലീസിന്റെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ പറവൂര്‍ മജിസ്‌ട്രേറ്റിനു വീഴ്ച പറ്റിയിട്ടില്ല. ശ്രീജിത്തിനെ കാണാന്‍ മജിസ്‌ട്രേറ്റ് വിസമ്മതിച്ചു എന്നത് തെറ്റാണെന്നും മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വീഴ്ച പോലീസിന്റെതെന്നും ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. അതേസമയം, കേസില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി.ജോര്‍ജിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചു.

രണ്ട് വട്ടം മൊഴി എടുത്ത് വിട്ടയച്ചത് ജോര്‍ജിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണമെന്നും സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരാന്‍ സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

അതിനിടെ ശ്രീജിത്തിനെ കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കാന്‍ 15000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. സി.ഐയുടെ ഡ്രൈവര്‍ പ്രദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പ്രദീപ് 15000 രൂപ വാങ്ങിയിരുന്നു.

സി.ഐയ്‌ക്കെന്ന് പറഞ്ഞ് 25000 രൂപയാണ് ശ്രീജിത്തിന്റെ ബന്ധുവില്‍ നിന്നും പ്രദീപ് ആവശ്യപ്പെട്ടത്. കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്ന് വാങ്ങിയ കൈക്കൂലി ശ്രീജിത്ത് കൊല്ലപ്പെട്ടശേഷം ഇടനിലക്കാരന്‍വഴി തിരികെ നല്‍കുകയായിരുന്നു.

ഇതിനിടെ കേസില്‍ നാലുപൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. കസ്റ്റഡിമര്‍ദനം നടന്ന ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയാണ് പ്രതി ചേര്‍ത്തത്. ദേവസ്വംപാടത്ത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിക്കാനുപയോഗിച്ച ആയുധങ്ങളും അന്വേഷണസംഘം കണ്ടെടുത്തു.