ശ്രീദേവിയുടെ മരണം 240 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനെന്ന് നിര്‍മാതാവ്; ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി; ഹര്‍ജി തള്ളി

single-img
11 May 2018

ന്യൂഡല്‍ഹി: നടി ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.

സിനിമ നിര്‍മാതാവായ സുനില്‍ സിങ്ങാണ് ഹര്‍ജിക്കാരന്‍. ഡല്‍ഹി ഹൈകോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുങ്ങിമരണമാണെന്ന് കണ്ടെത്തിയെങ്കിലും ദുരൂഹതകളൊന്നുമില്ലെന്നായിരുന്നു ദുബായ് പൊലീസ് കണ്ടെത്തിയത്. ശുചിമുറിയില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് മുങ്ങിമരിച്ചതെന്നും കണ്ടെത്തിയിരുന്നു.

എന്നാല്‍, ശ്രീദേവിയുടെ പേരില്‍ ഒമാനില്‍ 240 കോടിയുടെ ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നുവെന്നും ഈ തുക യു.എ.ഇയില്‍ വച്ച് മരണപ്പെട്ടാല്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ എന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം കണക്കിലെടുത്ത് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമാന രീതിയിലുള്ള രണ്ട് ഹര്‍ജികള്‍ നേരത്തെ തള്ളിയത് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി നിരസിക്കുകയായിരുന്നു.