അനിശ്ചിതത്വത്തിന് ഒടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

single-img
11 May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പത്രിക ഏറെ നേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വരണാധികാരി സ്വീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കിടെ സ്വതന്ത്ര സ്ഥാനാര്‍ഥി ആരോപണം ഉന്നയിച്ചതോടെയാണ് പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായത്.

എന്നാല്‍ പരാതിയില്‍ ഉന്നയിച്ച കാരണങ്ങള്‍ പത്രിക തള്ളാവുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക സ്വീകരിച്ചത്. സജി ചെറിയാന്റെ പേരില്‍ അമ്പലപ്പുഴയില്‍ ഒന്നര ഏക്കര്‍ ഭൂമിയുണ്ടെന്നും ഇത് പത്രികയില്‍ കാണിച്ചിട്ടില്ലെന്നുമാണ് ആരോപണം.

ഇത് കോണ്‍ഗ്രസും ബി.ജെ.പിയും ഏറ്റെടുത്തതോടെ പ്രശ്‌നമായി. എന്നാല്‍ പാര്‍ട്ടിയുടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വാങ്ങിയ ഭൂമിയാണ് ഇതെന്നായിരുന്നു സി.പി.എമ്മിന്റെ വിശദീകരണം. തുടര്‍ന്ന് സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഭൂമിയുടെ വില കുറച്ച് കാണിച്ചെന്നും, 17 ആധാരങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നും, തന്റെ പേരിലുള്ള നാല് ക്രിമിനല്‍ കേസുകള്‍ സജി ചെറിയാന്‍ മറച്ച് വച്ചുവെന്നും ആരോപണം ഉയര്‍ന്നു.

ഇക്കാര്യങ്ങള്‍ പരിഗണിച്ച് സജി ചെറിയാന്റെ പത്രിക തള്ളണമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങളുടെ ആവശ്യം. എന്നാല്‍ പരാതിയില്‍ ഉന്നയിച്ച കാരണങ്ങള്‍ പത്രിക തള്ളാവുന്നതല്ലെന്ന് വരണാധികാരി വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാറിന്റെയും ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെയും പത്രികകള്‍ നേരത്തെ വരണാധികാരി സ്വീകരിച്ചിരുന്നു.