സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിയെ രക്ഷിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു

single-img
11 May 2018

ഉദുമയില്‍ സി.പി.എം പ്രവര്‍ത്തകനായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മാങ്ങാട് ആര്യടുക്ക സ്വദേശി പ്രജിത്ത് (32) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

വീടിന് സമീപത്തെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കാന്‍ കിണറ്റില്‍ ഇറങ്ങിയതായിരുന്നു പ്രജിത്ത്. കോഴിയുമായി തിരിച്ച് കയറുന്നതിനിടെ മുകളിലെത്തിയപ്പോള്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കാസര്‍ഗോട് നിന്നും സ്ഥലത്തെത്തിയ അഗ്‌നിശമന സേനയാണ് ഇയാളെ പുറത്തെത്തിച്ചത്.

ഗുരുതരമായി പരിക്കേറ്റ പ്രജിത്തിനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗലാപുരത്തെ യൂണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് മരിച്ചത്. അപകടത്തില്‍ പ്രജിത്തിന് തലയ്ക്കും നടുവിനും പരിക്കേറ്റിരുന്നു.

2013 സെപ്റ്റംബര്‍ 16 ന് തിരുവോണ നാളിലായിരുന്നു മാങ്ങാട് ബാലകൃഷ്ണനെ കൊലപ്പെടുത്തിയത്. മരണ വീട്ടില്‍ പോയി സ്‌കൂട്ടറില്‍ മടങ്ങിവരുമ്പോഴാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ആറ് മാസം മുമ്പാണ് പ്രജിത്തിന്റെ വിവാഹം കഴിഞ്ഞത്.