ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഏറ്റു: നിലപാട് മയപ്പെടുത്തി പോലീസ് അസോസിയേഷന്‍: രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി

single-img
11 May 2018

വിവാദങ്ങളെത്തുടര്‍ന്ന് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ രക്തസാക്ഷി സ്തൂപത്തില്‍ മാറ്റം. നേരത്തെ ചുവപ്പായിരുന്ന സ്തൂപത്തിന്റെ നിറം നീലയും ചുവപ്പുമാക്കി. രക്തസാക്ഷി സ്തൂപം എന്ന് എഴുതിയിരുന്നത് ‘പൊലീസ് രക്തസാക്ഷി സ്തൂപം’ എന്നാക്കി മാറ്റി.

ഭരണകക്ഷിയോടു വിധേയത്വം പ്രകടിപ്പിച്ച്, പോലീസ് അസോസിയേഷന്‍ സമ്മേളനങ്ങള്‍ നടത്തിയതിനെതിരേ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് അസോസിയേഷന്‍ നിലപാട് മയപ്പെടുത്തിയത്. മുദ്രാവാക്യത്തിലും മാറ്റം ഉണ്ടാകും. രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്നത് പോലീസ് അസോസിയേഷന്‍ സിന്ദാബാദ് എന്നാക്കി. പോലീസ് അസോസിയേഷന്റെ 34ാം സംസ്ഥാന സമ്മേളനം ഇന്നു മുതല്‍ 13 വരെ പയ്യോളിക്കടുത്ത ഇരിങ്ങല്‍ സര്‍ഗാലയയില്‍ നടക്കുന്നത്.

പൊലീസ് സംഘടനയില്‍ രാഷ്ട്രീയ അതിപ്രസരമെന്നറിയിച്ച് കഴിഞ്ഞദിവസാണ് ഇന്റലിജന്‍സ് മേധാവി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം സംസ്ഥാന സമ്മേളനത്തില്‍ നേരത്തെ നിശ്ചയിച്ച രക്തസാക്ഷി അനുസ്മരണമുള്‍പ്പെടെയുള്ള പരിപാടികളില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കെ.പി.എയുടെ തീരുമാനം. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുള്ള കാര്യം അറിയില്ല. ഉന്നത പൊലീസ് നേതൃത്വം ഏതെങ്കിലും തരത്തില്‍ സമ്മേളനത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാരവാഹികള്‍ പറയുന്നു.

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരായ നടപടിയും ചര്‍ച്ചയാകും. പൊലീസുകാരെ അനുകൂലിച്ചോ പ്രതികൂലിച്ചോ നിലപാടെടുക്കേണ്ടെന്നാണ് തീരുമാനമെങ്കിലും മേലുദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നേക്കും.