നഴ്‌സുമാര്‍ക്ക് ആശ്വാസം; ശമ്പളം പരിഷ്‌കരിച്ച വിജ്ഞാപനത്തിന് സ്റ്റേയില്ല; മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

single-img
11 May 2018

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ച ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജുമെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്‌സ്മാരുടെ ശമ്പളം 20000 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്താണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയില്‍ എത്തിയത്. തങ്ങളെ കേള്‍ക്കാതെയാണു ഉത്തരവ് പുറത്തിറക്കിയത്. ശമ്പള പരിഷ്‌കരണം നടപ്പാക്കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടി വരും.

ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് മാനേജുമെന്റുകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. വിജ്ഞാപനപ്രകാരം എല്ലാ സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ക്ക് 20,000 രൂപയാണ് അടിസ്ഥാന ശമ്പളം.

ജനറല്‍, ബിഎസ്‌സി നഴ്‌സുമാര്‍ക്ക് ഈ ശമ്പളം ലഭിക്കും. പത്തു വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ വേതനമായി ലഭിക്കും. ഡിഎ, ഇന്‍ക്രിമെന്റ്യ, വെയ്‌റ്റേജ് എന്നീ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കുമെങ്കിലും ഉപദേശക സമിതി റിപ്പോര്‍ട്ട് അനുസരിച്ച് പുറത്തിറക്കിയിട്ടുള്ള വിജ്ഞാപനത്തില്‍ അലവന്‍സുകള്‍ ഒഴിവാക്കിയിട്ടുണ്ട്.