മിസ്റ്റര്‍ മോദി… ‘ചരിത്രമറിയില്ലെങ്കില്‍ അതു പഠിക്കണം, അല്ലാതെ കാര്യങ്ങള്‍ പറയരുത്’: പ്രസംഗത്തിനിടെ വീണ്ടും ആനമണ്ടത്തരങ്ങള്‍ പറഞ്ഞ മോദി പുലിവാലുപിടിച്ചു

single-img
11 May 2018

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും ‘ചരിത്ര അബദ്ധം’. സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിങ്ങിനെയും ബത്തുകേശ്വര്‍ ദത്തിനെയും ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞു നോക്കിയില്ലെന്ന മോദിയുടെ പ്രസ്താവന അബദ്ധമാകുന്നു.

തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ ബിഡാറില്‍ സംസാരിക്കവേയായിരുന്നു മോദി ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ‘ശഹീദ് ഭഗത് സിങ്, ബത്തുകേശ്വര്‍ ദത്ത്, വീര്‍ സവര്‍ക്കര്‍ എന്നിവരെപ്പോലുള്ള മഹാന്മാര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി ജയിലില്‍ അകപ്പെട്ടപ്പോള്‍ ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അവരെപ്പോയി കണ്ടോ?’ എന്നാണ് പ്രധാനമന്ത്രി ചോദിച്ചത്.

ജയിലിലാക്കപ്പെട്ട അഴിമതിക്കാരെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോകുന്നുണ്ട്. അഴിമതിക്കാരെ കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല.’ എന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ ചരിത്രരേഖകള്‍ തന്നെ പ്രധാനമന്ത്രിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. 1929 ഓഗസ്റ്റില്‍ നെഹ്‌റു ഭഗത് സിങ്ങിനെയും മറ്റ് സ്വാതന്ത്യസമര സേനാനികളെയും ജയിലില്‍ സന്ദര്‍ശിച്ചതിനെക്കുറിച്ച് ഔദ്യോഗിക രേഖകള്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ ആര്‍ക്കേവില്‍ ലഭ്യമാണ്.

ഇതിനൊപ്പം പ്രധാനമന്ത്രിയുടെ വാദത്തിനെതിരെ പ്രമുഖ ചരിത്രകാരന്‍ സയ്യിദ് ഇര്‍ഫാന്‍ ഹബീബും രംഗത്തെത്തി. നെഹ്‌റു ഇരുവരെയും ജയിലില്‍ പോയി കാണുകയും എഴുതുകയും ചെയ്തിട്ടുണ്ടെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. നെഹ്‌റു മാത്രമല്ല മറ്റു കോണ്‍ഗ്രസ് നേതാക്കളും ഇരുവര്‍ക്കും വേണ്ടി സംസാരിക്കാന്‍ ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഭഗത് സിങ്ങിനെ കുറിച്ച് പുസ്തകം തയ്യാറാക്കിയ ചരിത്രകാരനാണ് സയ്യിദ് ഇര്‍ഫാന്‍ ഹബീബ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോദി ചരിത്രം വളച്ചൊടിക്കുന്നതിന് മുമ്പ് പോയി പുസ്തകം വായിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ അദ്ദേഹം അബദ്ധം പറയുന്നത്. മുന്‍പ് സൈനിക മേധാവികളായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയെയും ജനറല്‍ തിമ്മയ്യയെും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പ്രതിരോധ മന്ത്രി വികെ കൃഷണമേനോനും അപമാനിച്ചെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ഇതിനെതിരെ അന്നും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 1948ല്‍ ജനറല്‍ തിമ്മയ്യ ആയിരുന്നു സൈനിക മേധാവിയെന്നായിരുന്നു മോദിയുടെ വാക്കുകള്‍. എന്നാല്‍ ഇത് ശുദ്ധ അബദ്ധമാണെന്ന് ചൂണ്ടികാട്ടി അന്നുതന്നെ ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു. എഴുതികൊടുത്ത പ്രസംഗമായിരുന്നു അന്ന് അദ്ദേഹം വായിച്ചത്. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം 1957ലാണ് ജനറല്‍ തിമ്മയ്യ സൈനിക മേധാവിയാകുന്നത്.