കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലുപ്രസാദ് യാദവിന് ജാമ്യം

single-img
11 May 2018

റാഞ്ചി: 900 കോടിയുടെ കാലിത്തീറ്റ കുംഭകോണക്കേസില്‍ അറസ്റ്റിലായ ആര്‍.ജെ.ഡി അദ്ധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് ജാമ്യം ലഭിച്ചു. ജാര്‍ഖണ്ഡ് കോടതിയാണ് ലാലുവിന് ആറ് ആഴ്ചത്തേക്കുള്ള താല്‍കാലിക ജാമ്യം അനുവദിച്ചത്.

ആരോഗ്യ പ്രശ്‌നം കണക്കിലെടുത്ത് 12 ആഴ്ചത്തെ ജാമ്യം അനുവദിക്കണമെന്നാണ് ലാലുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത് നിരസിക്കുകയായിരുന്നു. മകന്‍ തേജ് പ്രതാപിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വ്യാഴാഴ്ച മൂന്ന് ദിവസത്തെ പരോള്‍ ലാലുവിന് അനുവദിച്ചിരുന്നു.

മേയ് 12ന് നടക്കാനിരിക്കുന്ന മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ ലാലു ഇപ്പോള്‍ പാറ്റ്‌നയിലാണുള്ളത്. കുംഭകോണക്കേസില്‍ റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. 900 കോടിയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 1991-94 കാലയളവില്‍ ദിയോഗര്‍ ട്രഷറിയില്‍ നിന്ന് 89.53 ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ച കേസിലാണ് ലാലുവിനെ ശിക്ഷിച്ചത്.