കുവൈത്തില്‍ ഇഖാമ വ്യവസ്ഥയില്‍ ഇളവ്

single-img
11 May 2018

കുവൈത്തില്‍ ഇഖാമ പുതുക്കുന്നതിനു മാന്‍പവര്‍ അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇതോടെ കാലാവധി തീരാന്‍ ആറു മാസമുണ്ടെങ്കിലും ഇനി ഇഖാമ പുതുക്കാം. നിലവില്‍ കാലാവധി തീരാന്‍ മൂന്നു മാസത്തില്‍ കൂടുതല്‍ സമയമുണ്ടെങ്കില്‍ ഇഖാമ പുതുക്കാന്‍ സാധ്യമല്ല.

പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് കുവൈത്ത് കമ്പനികളില്‍ വിദേശി പങ്കാളികള്‍ക്കു പാര്‍ട്ണര്‍ എന്ന പേരില്‍ത്തന്നെ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും. സ്വതന്ത്ര വ്യാപാര മേഖലയിലെ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്കു വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളില്‍ ഒപ്പിടാന്‍ അനുമതിയുണ്ടാകും.

നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. സര്‍ക്കാര്‍ പദ്ധതികളില്‍ ആവശ്യമായ തൊഴിലാളികളുടെ എണ്ണവും പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായി വരുന്ന സമയപരിധിയും തൊഴിലുടമ സര്‍ക്കാര്‍ ഏജന്‍സിയില്‍നിന്നു സമ്പാദിക്കണം. നിര്‍ണയിക്കപ്പെട്ട ബാങ്ക് ഗാരന്റിയും തൊഴിലുടമ അടച്ചിരിക്കണം.

ഇനിമുതല്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടാകില്ല. എണ്ണ മേഖലയിലും അതു ബാധകമാണ്. തടവിലാക്കപ്പെടുകയോ ഒളിച്ചോടുകയോ ചെയ്ത തൊഴിലാളിയുടെ ഇഖാമ റദ്ദാക്കാന്‍ തൊഴിലുടമയ്ക്ക് അവകാശമുണ്ടാകും. ഒളിച്ചോടിയതായി പരാതിയുള്ള തൊഴിലാളി സ്വദേശത്തേക്കു തിരിച്ചു പോകുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം.

പുതുക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് വനിതകള്‍ക്കു ഹോട്ടലുകള്‍, നിയമ സ്ഥാപനങ്ങള്‍, വിനോദ പാര്‍ക്കുകള്‍, വിമാനക്കമ്പനികള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, എണ്ണ മേഖല എന്നിവിടങ്ങളില്‍ രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാം. ബാങ്കുകള്‍, റസ്റ്ററന്റുകള്‍, പബ്ലിക് ബെനിഫിറ്റ് ഓര്‍ഗനൈസേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ടൂറിസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ വനിതകള്‍ക്കു രാത്രി 12 വരെ ജോലി ചെയ്യാം.

ഭര്‍ത്താവു മരിച്ചാല്‍ ഭാര്യയ്ക്കു നാലു മാസം ശമ്പളത്തോടുകൂടിയ അവധി നല്‍കണം. ജോലിസമയത്തു രണ്ടു മണിക്കൂര്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ സമയം അനുവദിക്കണം. വനിതകള്‍ക്കായുള്ള തുണിക്കടകള്‍, വനിതാ ബ്യൂട്ടി പാര്‍ലര്‍, ഹെല്‍ത്ത് ക്ലബ് എന്നിവിടങ്ങളില്‍ പുരുഷന്മാര്‍ ജോലി ചെയ്യരുത്. ബിദൂനികള്‍ക്ക് ഓരോ വര്‍ഷവും പുതുക്കാവുന്ന ഇഖാമ അനുവദിക്കുമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു.