കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയും തമ്മിലുള്ള ശീതസമരം പുതിയ തലത്തില്‍: കെ.എം ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യും

single-img
11 May 2018

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്ന് കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്യും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ബുധനാഴ്ച വീണ്ടും യോഗം ചേരാന്‍ കൊളീജിയം തീരുമാനിച്ചു.

ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജിമാരേക്കൂടി സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്തുന്ന വിഷയവും കൊളീജിയം ചര്‍ച്ച ചെയ്തു. ഈ ജഡ്ജിമാരുടെ പേരിനൊപ്പം കെ.എം ജോസഫിന്റെ പേര് ചേര്‍ക്കണോ അതോ പ്രത്യേകമായി മറ്റൊരു ശുപാര്‍ശയായി കെ.എം. ജോസഫിന്റെ പേര് നല്‍കണോ എന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുക്കാനായില്ല.

ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് അയക്കുന്നതില്‍ രണ്ട് അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം 16ാം തീയതി നടക്കുന്ന യോഗത്തിലേക്ക് മാറ്റിവെച്ചത്. ഈ യോഗത്തിന് ശേഷം മാത്രമേ ജഡ്ജിമാരുടെ പേരുകള്‍ കേന്ദ്രസര്‍ക്കാരിലേക്ക് അയയ്ക്കുകയുള്ളു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കൊളീജിയത്തിലെ അംഗങ്ങള്‍. കീഴ്‌വഴക്കം അനുസരിച്ച് കൊളീജിയം രണ്ടാമതും ശിപാര്‍ശ ചെയ്യുന്ന പേര് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്നതാണ് പതിവ്.

എന്നാല്‍ തീരുമാനമെടുക്കാതെ ഫയല്‍ മാറ്റി വയ്ക്കാന്‍ കഴിയും. നിവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഇതോടെ ജഡ്ജിമാരുടെ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയുടെ തമ്മിലുള്ള ശീതസമരം പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്.

സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ഇന്ദു മല്‍ഹോത്രയുടെയും കെ.എം. ജോസഫിന്റെയും പേരുകളാണ് കൊളീജിയം നേരത്തെ ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ കെ.എം. ജോസഫിന്റെ പേര് തിരിച്ചയച്ചു. സീനിയോറിട്ടി അനുസരിച്ച് 42ആമനാണെന്നും പ്രതിനിധീകരിക്കുന്ന കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിദ്ധ്യമുണ്ടെന്നുമാണ് കേന്ദ്രം നല്‍കിയ വിശശദീകരണം.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ വ്യാപക വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. മുതിര്‍ന്ന അഭിഭാഷകരും പ്രതിപക്ഷവും നിയമ വിദഗ്ധരുമെല്ലാം കേന്ദ്ര നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇതിനിടെയാണ് കൊളീജിയം വീണ്ടും ചേര്‍ന്ന് ജസ്റ്റീസ് ജോസഫിന്റെ് പേര് വീണ്ടും കേന്ദ്രത്തിന് അയച്ചിരിക്കുന്നത്.