കര്‍ണ്ണാടകയില്‍ ജനവിധി നാളെ: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടികൂടിയ സംഭവത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ അടക്കം 14 പേര്‍ക്കെതിരെ കേസ്

single-img
11 May 2018

കര്‍ണ്ണാടകയില്‍ ജനവിധി നാളെ. 223 മണ്ഡലങ്ങളില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. 4.96 കോടി വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താനായി ഉള്ളത്. 2013ല്‍ പിടിച്ച അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും, ദക്ഷിണേന്ത്യയിലേക്കുള്ള കടന്ന് കയറ്റത്തിന് തുടക്കം കുറിക്കാന്‍ ബിജെപിയും, രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടില്ലെന്ന് തെളിയിക്കാന്‍ ജെഡിഎസും ഇഞ്ചോടിഞ്ച് പോരാട്ടം സംസ്ഥാനത്ത് കാഴ്ച വെക്കുമെന്നാണ് വിലയിരുത്തല്‍.

രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് വൈകിട്ട് ആറ് മണിക്കായിരിക്കും അവസാനിക്കുക. 2655 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2013ല്‍ അവസാന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകളുമായാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. നാല്‍പത് വീതം സീറ്റുകളായിരുന്നു പ്രതിപക്ഷമായ ജെഡിഎസിന്റെയും ബിജെപിയുടെയും സമ്പാദ്യം.

അതേസമയം കര്‍ണാടകയിലെ രാജരാജേശ്വരി നഗറില്‍ നിന്നും പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ എന്‍.മുനിരത്‌ന അടക്കം 14 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. അതേസമയം, തന്നെ മനപ്പൂര്‍വം കുടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുനിരത്‌ന ആരോപിച്ചു. തനിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് മണ്ഡലത്തിലെ 40,000 വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യാജതിരിച്ചറില്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നും ഇതിലൊരെണ്ണം ലഭിച്ചതിനാലാണ് തന്നെ കേസിലെ 14ആം പ്രതിയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.

സംഭവത്തില്‍ അപ്പാര്‍ട്ട്‌മെന്റ് ഉടമ മഞ്ജുള നഞ്ചാമാരിയുള്‍പ്പെടെ ഏഴ് വനികളെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് കരുതി മുനിരത്‌നയ്ക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കാന്‍ അയോഗ്യതയൊന്നും ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.