പ്രമുഖ നടന്‍ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു: ആരോപണവുമായി മുന്‍ ആലുല റൂറല്‍ എസ്.പി എ.വി.ജോര്‍ജ്

single-img
11 May 2018

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തന്നെ അന്യായമായി കുടുക്കാന്‍ സിനിമാ രംഗത്തെ ഒരു പ്രമുഖന്‍ ശ്രമിക്കുകയാണെന്ന് മുന്‍ ആലുല റൂറല്‍ എസ്.പി എ.വി.ജോര്‍ജ്. ഒരു മലയാളം രാഷ്ട്രീയ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എ.വി.ജോര്‍ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തനിക്കെതിരെ ചില സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ല. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലും ബോധപൂര്‍വമായ അപവാദ പ്രചാരണം നടക്കുന്നുണ്ട്.

അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. താന്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെക്കുറിച്ച് മികച്ച അഭിപ്രായമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

കഞ്ചാവ്, ലഹരി, മണല്‍ മാഫിയകള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നു. വരാപ്പുഴ കേസിന് മുമ്പ് യാതൊരു വിധ ആരോപണങ്ങളും സംഘത്തിനെതിരെ ഉയര്‍ന്നിട്ടില്ലെന്നും എ.വി.ജോര്‍ജ് പറഞ്ഞു.

അതേസമയം കസ്റ്റഡിമരണക്കേസില്‍ എസ്പി എ.വി.ജോര്‍ജിനെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെച്ചൊല്ലി പൊലീസ് സേനയില്‍ ഭിന്നത. പൊലീസ് അസോസിയേഷന്‍ നേതൃത്വവും ഓഫിസേഴ്‌സ് അസോസിയേഷനും എസ്പിക്ക് അനുകൂലമായ നീക്കങ്ങള്‍ നടത്തുമ്പോള്‍, കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ എസ്പിക്കുവേണ്ടി ബലിയാടാകുകയായിരുന്നെന്ന് അസോസിയേഷനില്‍ ഒരു വിഭാഗം ആരോപിക്കുന്നു. ചില ജില്ലകളില്‍ നടന്ന അസോസിയേഷന്‍ യോഗങ്ങളില്‍ എസ്പിക്കെതിരെ രൂക്ഷവിമര്‍ശനമാണുണ്ടായത്.

പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിനെ സംഭവവുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു ചുമത്തിയത്. കൊലക്കുറ്റം ചുമത്തപ്പെട്ട വരാപ്പുഴ എസ്‌ഐ ജി.എസ്.ദീപക്കും എസ്പിയുടെ പ്രത്യേക സേനയായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ പൊലീസുകാരും റിമാന്‍ഡിലാണ്. പതിനഞ്ചുവരെയാണു റിമാന്‍ഡ് കാലാവധി. അവധിയിലായിരുന്ന എസ്‌ഐ ദീപക് എസ്പിയുടെ നിര്‍ദേശപ്രകാരമാണു തിരുവനന്തപുരത്തുനിന്നു വരാപ്പുഴയിലെത്തിയതെന്നു എസ്‌ഐയോട് അടുപ്പമുള്ളവര്‍ പറയുന്നു.

അവധിയിലാണെന്ന് അറിയിച്ചിട്ടും മോശമായ ഭാഷയില്‍ എസ്പി പ്രതികരിച്ചതിനെത്തുടര്‍ന്നാണു തിടുക്കപ്പെട്ടു യാത്ര ചെയ്തതത്രെ. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതും എസ്പിയാണ്. ഉന്നതരെ രക്ഷപ്പെടുത്തി സാധാരണക്കാരായ ഉദ്യോഗസ്ഥരെ കേസില്‍ കുടുക്കുന്ന അവസ്ഥയുണ്ടായാല്‍ ഇപ്പോള്‍ അറസ്റ്റിലായ പൊലീസുകാരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാനിടയുണ്ട്. കേസില്‍ പ്രതികളായ പൊലീസുകാരുടെ പക്ഷത്തുനില്‍ക്കുന്ന അസോസിയേഷന്‍ അംഗങ്ങളും ‘പ്രതികരിക്കാന്‍’ കാത്തിരിക്കുന്നു.

പൊലീസിന്റെ വാട്‌സ്ആപ് ഗ്രൂപ്പുകളിലും കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാര്‍ക്കാണെങ്കില്‍ നാളെ തങ്ങള്‍ക്കും ഈ അവസ്ഥ വരാം എന്ന രീതിയിലുള്ള സന്ദേശങ്ങളാണു പ്രചരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഓരോ ജില്ലയിലും എസ്പിമാരുടെ കീഴില്‍ അന്വേഷണത്തിനു പ്രത്യേക ടീമുകളെ രൂപീകരിക്കുന്ന പതിവുണ്ട്. ചില എസ്പിമാര്‍ ഈ ടീമുകള്‍ക്കു പേരു നല്‍കും. അങ്ങനെ കിട്ടിയ പേരാണു റൂറല്‍ ടൈഗര്‍ ഫോഴ്‌സ്(ആര്‍ടിഎഫ്). ഔദ്യോഗിക രേഖകളിലൊന്നും ഈ പേരുണ്ടാകില്ല. എസ്പിമാര്‍ക്കു തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗംകൂടിയാണ് ഇത്തരം സേനകള്‍.