ആന്ധ്രയില്‍ കാല് കുത്താനാകാതെ അമിത് ഷാ; വന്‍ പ്രതിഷേധം; വാഹനത്തിന്റെ ചില്ല് തകര്‍ത്തു

single-img
11 May 2018

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആന്ധ്രയില്‍ വന്‍ പ്രതിഷേധം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് സമരം ചെയ്യുന്നവരാണ് തിരുമലൈയില്‍ വെച്ച് ബിജെപി അധ്യക്ഷനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. അമിത് ഷായുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിലെ കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് ചിറ്റൂര്‍ ജില്ലയിലെ തിരുമലയില്‍ ബി.ജെ.പി- ടി.ഡി.പി പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. കര്‍ണാടകയിലെ പ്രചാരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയ അമിത് ഷാ വെള്ളിയാഴ്ച രാവിലെയാണ് തിരുമലയിലെ പ്രശസ്തമായ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്.

ക്ഷേത്രത്തില്‍ നിന്നും അമിത് ഷായും സംഘവും പുറത്തേക്ക് വരുമ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകള്‍ ബി.ജെ.പിക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് തിരുപ്പതി ടൗണിലേക്ക് വരുന്ന വഴി കറുത്ത കൊടിയും പാര്‍ട്ടി പതാകയുമേന്തി നിന്ന ടി.ഡി.പി പ്രവര്‍ത്തകര്‍ അമിത് ഷായുടെ വാഹനവ്യൂഹത്തെ തടയുകയായിരുന്നു.

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുക, അമിത് ഷാ തിരിച്ച് പോവുക തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി. എന്നാല്‍ അമിത് ഷായുടെ ഒപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതിനെ പ്രതിരോധിക്കാന്‍ എത്തിയതോടെ കാര്യങ്ങള്‍ വന്‍ സംഘര്‍ഷത്തിലേക്ക് നീങ്ങി.

ഇതിനിടയില്‍ ഒരു ടി.ഡി.പി പ്രവര്‍ത്തകന്റെ കല്ലേറില്‍ അമിത് ഷായുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയതോടെ കാര്യമായ കുഴപ്പങ്ങളില്ലാതെ വാഹനവ്യൂഹം കടന്ന് പോവുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ, എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന ടി.ഡി.പി ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടിരുന്നു. ഇതിന് ശേഷം ബിജെപിക്കെതിരെ വന്‍ പ്രതിഷേധമാണ് ആന്ധ്രയില്‍ അലയടിക്കുന്നത്.