ഇതെന്ത് മറിമായം: 40 ലിറ്റര്‍ ടാങ്കില്‍ അടിച്ചത് 49 ലിറ്റര്‍ ഡീസല്‍; തിരുവനന്തപുരത്ത് പെട്രോള്‍ പമ്പുകളുടെ പകല്‍കൊള്ള

single-img
10 May 2018

ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച്ബാക്കായ എലൈറ്റ് ഐ 20യുടെ ഇന്ധനടാങ്കിന്റെ ശേഷി 40 ലിറ്റര്‍. എന്നാല്‍ തിരുവനന്തപുരത്തെ ഇന്‍ഫോസിസിന് സമീപത്തുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകാര്‍ പറയുന്നത് 49 ലിറ്ററില്‍ കൂടുതല്‍ കാറില്‍ നിറക്കാമെന്നാണ്.

പെട്രോള്‍ പമ്പുകാരുടെ ഈ പകല്‍കൊള്ളക്കെതിരെ തിരുവനന്തപുരം സ്വദേശിയായ യുവാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വൈറലായത്. ഇതോടെ പമ്പുടമ വിളിച്ചു ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു.

40 ലീറ്റര്‍ ശേഷിയുള്ള കാറില്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാനാവശ്യപ്പെട്ടെങ്കിലും 49 ലീറ്റര്‍ മീറ്ററില്‍ കാണിച്ചിട്ടും ഫുള്‍ടാങ്ക് ആയില്ലെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തപ്പോള്‍ വിലകൂടിയത് മക്കള്‍ അറിഞ്ഞില്ലേയെന്ന് പരിഹസിക്കുകയാണ് ചെയ്തതെന്നും യുവാവ് പറയുന്നു.

തുടര്‍ന്ന് ഡീസല്‍ തീര്‍ന്നു കഴിഞ്ഞ് മറ്റൊരു പമ്പില്‍ നിന്നു ഫുള്‍ ടാങ്ക് അടിച്ചപ്പോള്‍ പരമാവധി 43.21 ലിറ്റര്‍ ഡീസല്‍ മാത്രമേ നിറയ്ക്കാന്‍ കഴിയുള്ളൂ എന്നു വ്യക്തമായതോടെ അനിഷ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഇരു പമ്പുകളില്‍ നിന്ന് ഡീസല്‍ അടിച്ചതിന്റെ ബില്ലും മീറ്റര്‍ റീഡിംഗിന്റെ ഫോട്ടോയും വാഹനത്തിന്റെ ചിത്രങ്ങളുമടക്കം ഫേസ്ബുക്കില്‍ തന്റെ സംശയം അനിഷ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, സംശയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് തനിക്കെതിരെ ഭീഷണി ഉയര്‍ന്നെന്ന് അനിഷ് പറഞ്ഞു.

‘തന്നെ നാളെ കാണണം, അല്ലെങ്കില്‍ തീര്‍ത്തുകളയും’ എന്നാണ് പെട്രോള്‍ പമ്പില്‍ നിന്നെന്ന് പരിചയപ്പെടുത്തി വിളിച്ചയാള്‍ തന്നോട് പറഞ്ഞതെന്ന് അനിഷ് പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ കേസ് നല്‍കാനിരിക്കുകയാണ് അനീഷ്.

കൂടുതല്‍ ഇന്ധനം നിറഞ്ഞത് എന്തുകൊണ്ട്?

പെട്രോള്‍ പമ്പിലെ മീറ്ററിലെ തകരാറുകൊണ്ടോ അല്ലെങ്കില്‍ പമ്പിലെ ഇന്ധടാങ്കിലെ മര്‍ദ്ദവ്യത്യാസം കൊണ്ടോ ഇത്തരത്തില്‍ പിഴവുകള്‍ വരാറുണ്ട്. മീറ്ററില്‍ തട്ടിപ്പുകാണിച്ചാലോ തകരാര്‍ സംഭവിച്ചാലോ ഇതു വരാം. എന്നാല്‍ ഇന്ധന ടാങ്കിലെ മര്‍ദ്ദവ്യത്യാസം കൊണ്ടുണ്ടാകുന്ന കുഴപ്പം പെട്രോള്‍ പമ്പിലെ ആളുകള്‍ അറിയാറില്ല. എന്തൊക്കെയായാലും ഇത്തരം തട്ടിപ്പുകളില്‍ ഇരായാകുന്നത് വാഹന ഉടമകള്‍ തന്നെയാണ്.

https://www.facebook.com/ckanichetan/posts/1904916319573233