ചരിത്രമായി ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം കേരളത്തില്‍ നടന്നു

single-img
10 May 2018

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായി തിരുവനന്തപുരം സ്വദേശികളായ സൂര്യയും ഇഷാന്‍ കെ.ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ നടത്തിയ വിവാഹം ‘ട്രാന്‍സ് കൂട്ടായിമയിലെ അംഗങ്ങള്‍ ആഘോഷമാക്കി. തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.

വിവാഹത്തിന് ആശംസകളുമായി ഭാഗ്യലക്ഷ്മിയും ടിഎന്‍ സീമയുമടക്കം വലിയ സുഹൃത്ത് വലയം തന്നെയുണ്ടായിരുന്നു. സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗമാണ് സൂര്യ, ഇഷാന്‍ ആകട്ടെ ജില്ലാ ഭാരവാഹിയും. ട്രാന്‍സ് പുരുഷന്‍, ട്രാന്‍സ് സ്ത്രീ എന്നീ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ആണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.

നിയമപരമായ വിവാഹം ഒരുമിക്കാന്‍ കൊതിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്ക് പ്രചോദനമാകട്ടെയെന്നാണ് വരന്റെയും വധുവിന്റെയും ആശംസ. കേരളത്തിലാദ്യമായാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ടു പേര്‍ ഒന്നു ചേരുന്നത്.

പാറ്റൂര്‍ മടത്തുവിളാകത്തു വീട്ടില്‍ വിജയ കുമാരന്‍ നായരുടേയും ഉഷാ വിജയന്റേയും മകളാണ് സൂര്യ. വള്ളക്കടവ് മുഹമ്മദ് കബീറിന്റേയും ഷാനിഫാ കബീറിന്റേയും മകനാണ് ഇഷാന്‍. ടെലിവിഷന്‍ കോമഡി പരിപാടികളിലൂടെ പ്രശസ്തയാണ് സൂര്യ.

ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാല്‍, ഐഡി കാര്‍ഡുകളില്‍ സൂര്യ സ്ത്രീയും ഇഷാന്‍ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താന്‍ തടസ്സങ്ങള്‍ ഉണ്ടായില്ല.

കേരളത്തിന്റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യം പ്രതികരിച്ചു.