സൗദിയില്‍ ജനജീവിതം താറുമാറാക്കി കനത്ത പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

single-img
10 May 2018

റിയാദില്‍ കഴിഞ്ഞ ഒരാഴ്ചയായി രാപ്പകല്‍ ഭേദമില്ലാതെ കനത്ത പൊടിക്കാറ്റ്. വിവിധ പ്രിവിശ്യകളില്‍ ജനജീവിതം താറുമാറായി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടവുമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യോമ ഗതാഗതത്തെയും പൊടിക്കാറ്റ് പ്രതികൂലമായി ബാധിച്ചു.

വിവിധ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനാകാതെ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും അസ്ഥിരമായ കാലാവസ്ഥായാണ് റിയാദിലേതെന്നാണ് വിദഗ്ദര്‍ ചൂണ്ടാക്കാട്ടുന്നത്. പൊടിക്കാറ്റ് കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലതിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

വിവിധ പ്രിവിശ്യകളില്‍ രാത്രിയോടെ പൊടിക്കാറ്റിന് തീവ്രതയേറുമെന്ന് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രിയോടെ മഴക്കും സാധ്യതയുണ്ട്. അസ്ഥിരമായ കാലാവസ്ഥ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.