”നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല”; നാനിക്കെതിരെ ശ്രീ റെഡ്ഡി

single-img
10 May 2018

തെലുഗ് നടന്‍ നാനിക്കെതിരെ ലൈംഗിക പീഡനാരോപണവുമായി നടി ശ്രീ റെഡ്ഡി. നാനി ഒരുപാട് പെണ്‍കുട്ടികളെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. എല്ലാറ്റിനും ദൈവം കണക്ക് ചോദിക്കുമെന്നും ശ്രീ റെഡ്ഡി പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് ശ്രീ റെഡ്ഡിയുടെ ആരോപണം.

”ജീവിതത്തില്‍ നന്നായി അഭിനയിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. സ്‌ക്രീനിലെ സ്വാഭാവിക നടന്‍. പക്ഷേ അതൊരു മുഖംമൂടിയാണ്. സിനിമയില്‍ അവസരം ലഭിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടയാളാണെന്ന് നിങ്ങള്‍ പറയാറുണ്ട്. അതുകൊണ്ട് ജനങ്ങള്‍ക്ക് നിങ്ങളോട് സഹതാപമാണ്.

നിങ്ങള്‍ക്ക് ജീവിതത്തിലും നന്നായി അഭിനയിക്കാന്‍ അറിയാമെന്ന് അവര്‍ക്ക് അറിയില്ലല്ലോ. രാം ചരണ്‍, മഹേഷ് ബാബു. ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയ അസൂയ ഇല്ലാത്ത താരങ്ങളെ നിങ്ങള്‍ കണ്ടു പഠിക്കണം. നിങ്ങള്‍ക്ക് ചെറിയ സംവിധായകരോട് ബഹുമാനം ഇല്ല.

ഈയടുത്ത് നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. ആശംസകള്‍. ഇനി നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ ഒരുപാട് പെണ്‍കുട്ടികളെ ഉപയോഗിച്ചു. നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല.

ഒരു കാര്യം ഓര്‍ക്കൂ, ദൈവം എല്ലാം അറിയുന്നുണ്ട്. വൈകിയാണെങ്കിലും നിങ്ങള്‍ ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കും” ശ്രീ റെഡ്ഡി കുറിച്ചു. പുതുമുഖങ്ങള്‍ കടുത്ത ലൈംഗിക ചൂഷണമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് ശ്രീ റെഡ്ഡി നേരത്തെ ആരോപിച്ചിരുന്നു.