വരാപ്പുഴ കസ്റ്റഡിമരണം: നാലു പൊലീസുകാരെ കൂടി പ്രതിചേര്‍ത്തു

single-img
10 May 2018

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നാലു പൊലീസുകാരെ കൂടി പ്രതിചേര്‍ത്തു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിക്കുമ്പോള്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണു പ്രതി ചേര്‍ത്തത്. എഎസ്‌ഐമാരായ ജയാനന്ദന്‍, സന്തോഷ് ബേബി, സിപിഒമാരായ സുനില്‍കുമാര്‍, ശ്രീരാജ് എന്നിവരെയാണു പ്രതിചേര്‍ത്തിരിക്കുന്നത്.

എസ്.ഐ. ആയിരുന്ന ജി.എസ്. പ്രദീപ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിക്കുമ്പോള്‍ ഈ പോലീസുകാരും സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. അന്യായമായി തടങ്കലില്‍ വച്ചതിനും സ്റ്റേഷനില്‍ മര്‍ദിച്ചത് മറച്ചുവച്ചതിനുമാണ് കേസ്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം പറവൂര്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കി.

ഇതിന് പുറമെ ഈ കേസുമായി ബന്ധപ്പെട്ട് എട്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം സിജെഎം കോടതി അന്വേഷണ സംഘത്തിന് അനുമതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീജിത്തിനെ അറസ്റ്റുചെയ്തത് കൊണ്ടുപോകുന്നത് കണ്ടെന്ന് മൊഴി നല്‍കിയ അയല്‍വാസിയുടെയും രഹസ്യമൊഴി എടുക്കും.

അതേസമയം, വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ ദേവസ്വംപാടത്ത് എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ വിപിന്‍, തുളസീദാസ്, അജിത് എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.

വരാപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത പലകേസുകളിലും ഇവര്‍ പ്രതികളായിരുന്നു. വാസുദേവനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയായിരുന്നു പ്രതികള്‍ ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞിരുന്നു. വീടാക്രമിച്ചത്തില്‍ മനംനൊന്ത് വാസുദേവന്‍ ജീവനൊടുക്കിയിരുന്നു. തുടര്‍ന്നാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇതിനിടെ, എസ്.പി എ.വി. ജോര്‍ജിനെ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് അന്വേഷണസംഘം നിയമോപദേശം തേടും. അദ്ദേഹത്തിന്റെ പേരില്‍ ക്രിമിനല്‍ കുറ്റകൃത്യം ബോധ്യമായാല്‍ പ്രതിചേര്‍ക്കുമെന്നകാര്യം ഉറപ്പായിട്ടുണ്ട്. സാധുവായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചാല്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി എ.വി. ജോര്‍ജും ഈ കേസില്‍ പ്രതിയാകും.

കേസുമായി ബന്ധപ്പെട്ട് എ.വി. ജോര്‍ജിനെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം രണ്ടാം വട്ടവും ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു ചിലരെ കൂടി ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും അന്വേഷണ സംഘം തുടര്‍നടപടികളിലേക്ക് കടക്കുന്നത്.