റിയാദിനെ ലക്ഷ്യമാക്കി വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; സൗദി പ്രതിരോധസേന തകര്‍ത്തു

single-img
10 May 2018

സൗദിയിലെ റിയാദ് ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. ബുധനാഴ്ച്ച രാവിലെയാണ് ആക്രമണമുണ്ടായത്. രണ്ടു ബാലിസ്റ്റിക്ക് മിസൈലുകളാണ് യെമനിലെ ഹൂതി വിമതര്‍ റിയാദ് ലക്ഷ്യമാക്കി തൊടുത്തത്. സ്‌ഫോടനത്തിന്റേതിന് സമാനമായ വലിയ ശബ്ദം കേട്ട വിവരം ദൃക്‌സാക്ഷികള്‍ പറഞ്ഞതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യമനിലെ ഹൂതി നേതാവും സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവുമായിരുന്ന സാലിഹ് അല്‍ സമദ് കഴിഞ്ഞ മാസം സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയിലേക്ക് തുടര്‍ച്ചയായി മിസൈലെത്തുന്നത്.

കഴിഞ്ഞ മാസം റിയാദ്, നജ്‌റാന്‍, ജസാന്‍, അബഹ വിമാനത്താവളം എന്നിവിടങ്ങളിലക്ക് ഹൂതികള്‍ മിസൈലയച്ചിരുന്നു. ഇതുവരെ അയച്ച മിസൈലുകളെല്ലാം ലക്ഷ്യത്തിലെത്തും മുമ്പ് സൗദി സേന തകര്‍ത്തിട്ടുണ്ട്. പ്രതിരോധ സംവിധാനം വിജയകരമായാണ് മിസൈലുകളെല്ലാം തകര്‍ക്കുന്നതെന്ന് സൗദി സഖ്യസേനാ വക്താവ് അറിയിച്ചു.

ഹൂതികള്‍ക്ക് മിസൈലെത്തിക്കുന്നത് ഇറാനാണെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇറാന് നേരെ അമേരിക്ക ഉപരോധം പുനസ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് മിസൈലുകളെത്തിയത്.