അമ്മയെ അധിക്ഷേപിക്കുന്നത് മോദിയുടെ നിലവാരം; സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ സഹിച്ചു: മോദിക്ക് ചുട്ട മറുപടിയുമായി രാഹുല്‍

single-img
10 May 2018

തന്റെ അമ്മ സോണിയാ ഗാന്ധി രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ ജന്മത്തിന്റെ പേരില്‍ മോദി അവരെ നിരന്തരം കടന്നാക്രമിക്കുന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.

മറ്റ് പല ഇന്ത്യാക്കാരേക്കാളും നല്ല ഇന്ത്യക്കാരിയാണ് എന്റെ അമ്മ. ഈ രാജ്യത്തിന് വേണ്ടി അവര്‍ വളരയേറെ ത്യാഗം സഹിച്ചു. പലതും ത്യജിച്ചു. വൈകാരികമായി രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി അവരെ വേദനിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നു. സന്തോഷം ലഭിക്കുന്നുവെങ്കില്‍ അദ്ദേഹം അത് തുടര്‍ന്നോട്ടെയെന്നും രാഹുല്‍ പറഞ്ഞു.

മോദിയുടെ ഉള്ളില്‍ ദേഷ്യമുണ്ട്. എന്നില്‍ ഒരു ഭീഷണി അദ്ദേഹം കാണുന്നുണ്ട്. അതാണ് എന്നോട് തിരിയാന്‍ കാരണം. ദേഷ്യത്തെ വിവരിക്കാന്‍ ബുദ്ധനെക്കുറിച്ചുള്ള ഒരു കഥയും രാഹുല്‍ ഉദ്ധരിച്ചു. ഒരിക്കല്‍ ബുദ്ധനെക്കാണാന്‍ വന്ന ഒരാള്‍ അദ്ദേഹത്തോട് ആക്രോശിച്ചു. വളരെ മോശമായി പെരുമാറി.

ബുദ്ധന്‍ ഒന്നും തിരിച്ചുപറഞ്ഞില്ല. മടങ്ങിപ്പോയപ്പോള്‍ ശിഷ്യന്‍മാര്‍ അദ്ദേഹത്തോട് എന്താണു പ്രതികരിക്കാഞ്ഞതെന്നു ചോദിച്ചു. അപ്പോള്‍ ബുദ്ധന്‍ പറഞ്ഞു: അയാള്‍ക്കു ദേഷ്യം ഒരു സമ്മാനമായി കിട്ടിയിട്ടുണ്ട്. ഞാനത് ഏറ്റെടുക്കുന്നില്ല.

ദേഷ്യവും പകയും ഉള്ളില്‍ സൂക്ഷിച്ചു സംസാരിക്കുന്നയാളാണു പ്രധാനമന്ത്രി. എല്ലാവരിലും അദ്ദേഹം ഒരു ഭീഷണി കാണുന്നുണ്ട്. അദ്ദേഹത്തിന്റെ ദേഷ്യമാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. കര്‍ണാടകയുടെ ഭാവിയെക്കുറിച്ചോ കര്‍ഷകരെക്കുറിച്ചോ ഒന്നും പറയാനില്ലാതെ വ്യക്തിപരമായി വിമര്‍ശനങ്ങളുടെ വേദിയായി അദ്ദേഹം തിരഞ്ഞെടുപ്പിനെ മാറ്റി.

8000 കോടി രൂപയാണു സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കു കടാശ്വാസം നല്‍കിയത്. കേന്ദ്രം നയാപൈസ നല്‍കിയില്ല. പുരോഗമനവാദികളായ കര്‍ണാടക ജനതയുടെ ജീവിതം ആര്‍എസ്എസ് നിയന്ത്രിക്കണമോയെന്ന് അവര്‍ക്കു തീരുമാനിക്കാം. ഗുജറാത്തില്‍ കോണ്‍ഗ്രസ് 30 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. എന്നിട്ട് എന്തു സംഭവിച്ചു? കോണ്‍ഗ്രസ് അനായാസം അധികാരം നിലനിര്‍ത്തും. അതിനാല്‍ തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.

അടിസ്ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ മോദി ബുള്ളറ്റ് ട്രെയിനിനെ കുറിച്ചാണ് സംസാരിക്കുന്നത്. സ്ത്രീകള്‍ക്കു നേരെയുള്ള പ്രശ്‌നങ്ങള്‍ രാഷ്ട്രീയവും ദേശീയവുമായ പ്രശ്‌നമായി മാറിക്കഴിഞ്ഞു. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ മോദി തയ്യാറാവുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.