കേരള പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

single-img
10 May 2018

തിരുവനന്തപുരം: പൊലീസിലെ രാഷ്ടീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസ് അസോസിയേഷന്‍ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളിയും ചട്ടലംഘനമാണെന്നും മുന്‍ മുഖ്യമന്ത്രിമാരെ സമ്മേളനങ്ങളില്‍ പേരെടുത്ത് പറഞ്ഞ് അധിഷേപിക്കുന്നുവെന്നും ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പൊലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പൊലീസ് അസോസിയേഷനുകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, സമീപകാലത്തായി ഈ സംഘടനകള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അനുകൂലികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നിഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട പൊലീസ് ഇത്തരത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാക്കുന്നത് ആശാസ്യകരമായ രീതിയില്ല.

രക്തസാക്ഷി അനുസ്മരണം എന്നത് രാഷ്ട്രീയ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. അത്തരം അനുസ്മരണങ്ങള്‍ അസോസിയേഷന്‍ യോഗങ്ങളില്‍ നടക്കുന്നത് രാഷ്ട്രീയ അതിപ്രസരത്തിന്റെ ഭാഗമാണ്. അതേസമയം, കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ പൊലീസുകാരെ ഓര്‍മിപ്പിക്കുന്നതിന് ഈ ശുഷ്‌കാന്തി പൊലീസുകാര്‍ കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

രാഷ്ട്രീയേതര സംഘടനയായാണ് പൊലീസ് അസോസിയേഷനുകള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. നിയമാവലി മറികടന്ന് സംഘടനയുടെ ലോഗോയിലും മാറ്റം വരുത്തി. ഇക്കാര്യങ്ങളില്‍ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടാണ് പൊലീസ് മേധാവിക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിനെ ഗൗരവമായി കാണുന്നുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.