നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയെ അടിവസ്ത്രം അഴിപ്പിച്ച് അപമാനിച്ചതായി പരാതി

single-img
10 May 2018

പാലക്കാട്: അഖിലേന്ത്യ മെഡിക്കല്‍/ദന്തല്‍ പ്രവേശനപരീക്ഷ( നീറ്റ്)നടക്കുന്നതിനിടെ അശ്ലീലകരമായ രീതിയില്‍ തുറിച്ചുനോക്കിയെന്നു നിരീക്ഷകനെതിരേ വിദ്യാര്‍ഥിനിയുടെ പരാതി. പരിശോധനയ്ക്കിടെ മെറ്റല്‍ ഹുക്ക് ഉള്ള അടിവസ്ത്രം അഴിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ഥിനിയാണു പരാതിക്കാരി. പാലക്കാട് നഗരത്തിലെ ലയണ്‍സ് സ്‌കൂളിലാണ് സംഭവം.

ഹുക്കുള്ള അടിവസ്ത്രം അഴിച്ചുമാറ്റിയില്ലെങ്കില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് പരീക്ഷാ ചുമതലയുള്ളവര്‍ വ്യക്തമാക്കിയതോടെയാണ് അവ അഴിച്ചു മാറ്റാന്‍ വിദ്യാര്‍ഥിനി നിര്‍ബന്ധിതയായത്. ചാക്ക് കൊണ്ട് മറച്ചുപിടിച്ചാണ് അടിവസ്ത്രം അഴിപ്പിച്ചത്.

ധരിച്ചിരുന്ന ഷാള്‍ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷമായിരുന്നു പെണ്‍കുട്ടി പരീക്ഷാഹാളിലേക്ക് കയറിയതും. ലൈറ്റ് കളറിലുള്ള വസ്ത്രമായിരുന്നു പെണ്‍കുട്ടി ധരിച്ചിരുന്നത്. പരീക്ഷാ ഹാളില്‍ വെച്ച് ഇന്‍വിജിലേറ്റര്‍ സ്വകാര്യ ഭാഗങ്ങളില്‍ തുറിച്ചുനോക്കിയപ്പോള്‍ ചോദ്യപേപ്പര്‍ കൊണ്ട് സ്വകാര്യഭാഗങ്ങള്‍ മറയ്‌ക്കേണ്ടി വന്നു.

ഇതോടെ മാനസിക സമ്മര്‍ദ്ദത്തിലായ തനിക്ക് പരീക്ഷ എഴുതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും തന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് പാഴായതെന്നും വിദ്യാര്‍ഥിനി പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യ ഭാഗങ്ങളിലേക്ക് തുറിച്ച് നോക്കല്‍ എന്നീ രണ്ട് കുറ്റങ്ങള്‍ക്കാണ് പരീക്ഷാ നിരീക്ഷകനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

വിശദാംശങ്ങള്‍ സിബിഎസ്ഇക്ക് കൈമാറും. കൂടുതല്‍ അന്വേഷണത്തിന് ശേഷം മറ്റ് വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് പറഞ്ഞു. പരാതി ഗുരുതരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രതികരിച്ചു. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.