മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി; തൃണമുല്‍ സ്ഥാനാര്‍ത്ഥികളുടെ ഏകപക്ഷീയ വിജയം സുപ്രീം കോടതി തടഞ്ഞു

single-img
10 May 2018

ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരമില്ലാത്ത സീറ്റുകളിലെ ഫലപ്രഖ്യാപനം സുപ്രീംകോടതി തടഞ്ഞുവെച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ മുപ്പത്തിനാല് ശതമാനം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന് എതിരാളികളില്ല. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയാണ് സുപ്രീംകോടതി ഇടപെടല്‍.

ആകെയുള്ള 58,692 സീറ്റുകളില്‍ 20,076 ല്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് എതിരാളികളില്ലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണിയും അക്രമവും മൂലമാണ് ബിജെപിക്കും ഇടതുപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതിരുന്നത്.

മേയ് 14നാണ് വോട്ടെടുപ്പ്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് എതിരാളികളില്ലാത്ത തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയികളായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞത്. കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 3 വരെ ഫലപ്രഖ്യാപനം തടഞ്ഞുവെച്ചത്.

34 ശതമാനം സീറ്റുകളിലും എതിരാളികളില്ലാത്തത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മേയ് 14 ന് നടക്കുന്ന വോട്ടെടുപ്പ് സുതാര്യവും സമാധാനപൂര്‍ണവുമായിരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു.

ഇ മെയില്‍ വഴി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ അംഗീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീംകോടതി തള്ളി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയുടെ പകര്‍പ്പ് നല്‍കണമെന്ന് ബിജെപി ബംഗാള്‍ ഘടകത്തിനുവേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു.