ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍; മാഹി പോലീസ് ആര്‍എസ്എസിന് ഒത്താശ ചെയ്യുന്നുവെന്ന് കോടിയേരി

single-img
10 May 2018

ചെങ്ങന്നൂര്‍: സിപിഎം ആരേയും അങ്ങോട്ട് പോയി ആക്രമിച്ചിട്ടില്ലെന്നും ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചു കൊടുക്കുമെന്നും മന്ത്രി എ.കെ ബാലന്‍. സിപിഎം പല സ്ഥലങ്ങളിലും പ്രതിരോധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇടതുപക്ഷത്തെ കായിക ബലം ഉപയോഗിച്ച് ആര്‍എസ്എസ് നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ഇന്നും ഇന്നലെയുമല്ല സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്. ഒരു ആക്രമ സംഭവങ്ങള്‍ക്കും സിപിഎം തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍, ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കും. പ്രതിരോധത്തിന്റെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപൂര്‍വം സിപിഎം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും ബാലന്‍ പറഞ്ഞു.

അതേസമയം സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍ ആരോപിച്ചു. സിപിഎമ്മിന്റെ വളര്‍ച്ച തടയുന്നതിനുവേണ്ടിയാണ് കൊല നടത്തിയത്. ഈ സംഭവം ക്രൂരമാണെന്നും ബാബുവിന്റെ വീട് സന്ദര്‍ശിച്ചശേഷം കോടിയേരി പറഞ്ഞു.

ബാബുവിനു വധ ഭീഷണി ഉണ്ടായിരുന്നു. എന്നാല്‍ പോണ്ടിച്ചേരി പോലീസ് ഇത് അവഗണിച്ചിരുന്നുവെന്നും ബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തവാദിത്വം പോലീസ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍എസ്എസിനു ഒത്താശ ചെയ്യുന്ന മാഹിയിലെ ഉന്നത പോലീസുകാരെ മാറ്റണം. കോണ്‍ഗ്രസ് ഭരിക്കുന്ന പോണ്ടിച്ചേരിയിലാണ് ആര്‍എസ്എസ് അഴിഞ്ഞാടുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.