കര്‍ണാടകയില്‍ മാസങ്ങള്‍ നീണ്ട പ്രചാരണത്തിന് പരിസമാപ്തി; കൊട്ടിക്കലാശം കേമമാക്കാന്‍ ബിജെപി ഇറക്കിയത് 50 നേതാക്കളെ; സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് അമിത്ഷാ

single-img
10 May 2018

പരസ്യപ്രചാരണത്തിന് പരിസമാപ്തി. കര്‍ണാടക ഇനി പോളിംഗ് ബൂത്തിലേക്ക്. രാജ്യം ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ശനിയാഴ്ച നടക്കും. ബംഗളൂരു മഹാനഗരസഭയിലെ ജയനഗര്‍ ഒഴികെയുള്ള 223 നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ജനവിധിയെ ‘മിനി ലോക്‌സഭാ’ തിരഞ്ഞെടുപ്പ് എന്നാണു വിശേഷിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ആകെ, 2654 സ്ഥാനാര്‍ഥികളാണു മാറ്റുരയ്ക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

കര്‍ണാടക ജയിക്കുകയെന്നത് ബിജെപിക്കും കോണ്‍ഗ്രസിനും അഭിമാനപ്രശ്‌നമാണ്. അധികാരം നിലനിര്‍ത്താനായാല്‍ കോണ്‍ഗ്രസിനു ചരിത്രനേട്ടമാകും. ജാതീയത, പ്രദേശികവാദം, വര്‍ഗീയധ്രുവീകരണം, അഴിമതി എന്നിവയെല്ലാം പ്രചാരണത്തില്‍ വിഷയങ്ങളായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി 15ല്‍നിന്ന് 21 ലേക്ക് വര്‍ധിപ്പിച്ച ബിജെപി പ്രചരണത്തില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന മന്ദത മറികടന്നു. കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് പ്രധാനമന്ത്രി സംസാരിച്ചത്.

വ്യക്തികേന്ദ്രീകൃത വിമര്‍ശനത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തെത്തുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 30 ദിവസം സംസ്ഥാനത്ത് പ്രചാരണത്തിനായി ചെലവിട്ടു. രണ്ടുവര്‍ഷത്തിനുശേഷം സോണിയാഗാന്ധിയും കര്‍ണാടകത്തിലെത്തി പ്രചാരണറാലിയില്‍ പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അടക്കമുള്ള നേതാക്കളും സംസ്ഥാനത്തെത്തി. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ ബി.ജെ.പി.യും തീവ്രശ്രമം നടത്തുന്നതാണ് പ്രചാരണത്തില്‍ കണ്ടത്.

ഇക്കൊല്ലം അവസാനം രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനും അടുത്തവര്‍ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നത് കൂടിയാകും കര്‍ണാടകഫലം. കോണ്‍ഗ്രസ് ജയിച്ചാല്‍, സിദ്ധരാമയ്യയുടെ ഭരണത്തിനുള്ള അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായ തിരിച്ചടിയായും വിലയിരുത്തപ്പെടും.

അതിനിടെ കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് അമിത്ഷാ പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ കൂടി. ബിജെപി കര്‍ഷകര്‍ക്കൊപ്പമാണ്. സിദ്ധരാമയ്യ ഇരു സീറ്റുകളിലും പരാജയപ്പെടും. കര്‍ണാടകയില്‍ ക്രമസമാധാനനില തകര്‍ന്നു. ബെംഗളൂരുവിലെ ഗതാഗതകുരുക്കുപോലെയാണ് വികസനം. വോട്ടര്‍മാര്‍ കര്‍ണാടകയിലെ ക്രമസമാധാനനിലയെക്കുറിച്ച് ആലോചിക്കണമെന്നും അമിത് ഷാ പറഞ്ഞു.

എന്നാല്‍ കര്‍ണാടകയില്‍ തൂക്കുസഭയ്ക്ക് സാധ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് മികച്ച വിജയം നേടും. കോണ്‍ഗ്രസിന്റെ ജയം ബി.ജെ.പി തിരിച്ചറിഞ്ഞതുകൊണ്ടാണ് ബി.ജെ.പി കോലാഹലമുണ്ടാക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.

അതേസമയം, കര്‍ണാടകയില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പ്രതികരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെടും. തൂക്ക് സഭയ്ക്കുള്ള സാധ്യത ഇല്ല. 150 ല്‍ പരം സീറ്റുകള്‍ നേടുമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.