സര്‍വ്വീസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ സൗജന്യമായി ചികിത്സിക്കാന്‍ ആശുപത്രി തുടങ്ങും; യോഗി സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഡോ.കഫീല്‍ ഖാന്‍

single-img
10 May 2018

ഗോരഖ്പുരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഡോ. കഫീല്‍ ഖാന്‍. തന്നെ ബലിയാടാക്കിയെന്നും നിസ്വാര്‍ഥമായ സേവനമാണ് താന്‍ ലക്ഷ്യമിട്ടതെന്നും കഫീല്‍ പറഞ്ഞു.

രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയാണുണ്ടായത്. ഉത്തര്‍പ്രദേശ് സര്‍ക്കാറും ആശുപത്രി അധികൃതരുമടക്കം ആരും തങ്ങളൊടൊപ്പം നിന്നില്ല. അവസാനനിമിഷവും ഒരോ കുട്ടിയെയും രക്ഷിക്കാന്‍ മാത്രമാണ് താനുള്‍പ്പടെയുള്ളവര്‍ ശ്രമിച്ചത്.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ ശത്രുക്കളോട് പെരുമാറുന്നതിന് സമമായാണ് പെരുമാറിയതെന്നും കഫീല്‍ പറഞ്ഞു. പലസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ തന്നെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഞാന്‍ ഗൊരഖ്പൂരില്‍ തന്നെ ഉണ്ടാകും. എന്നെ സര്‍വ്വീസില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഗൊരഖ്പൂരില്‍ തന്നെ കുട്ടികള്‍ക്കായി അഞ്ഞൂറ് കിടക്കയുള്ള ആശുപത്രി തുടങ്ങും.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കും. ഡോക്ടര്‍മാരുടെ കുറവോ മരുന്നിന്റെ കുറവോ ആ ആശുപത്രിയില്‍ ഉണ്ടാകില്ല. കേരളത്തില്‍ നിന്നടക്കം തനിക്ക് പിന്തുണയുണ്ടെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പത്തിനാണ് ഖോരക്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കേളേജില്‍ മസ്തിഷ്‌കജ്വരം ബാധിച്ച 63 കുട്ടികള്‍ പ്രാണവായു ലഭിക്കാതെ പിടഞ്ഞു മരിച്ചത്.

ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് പണം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് അവര്‍ വിതരണം നിര്‍ത്തുകയായിരുന്നു. ഉന്നത ഉദ്യോഗസസ്ഥ തലത്തില്‍ സംഭവിച്ച വീഴ്ച മറിക്കാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ശിശുരോഗവിദഗ്ധനായ കഫീല്‍ഖാനെയടക്കം പ്രതിയാക്കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

യുപി സര്‍ക്കാര്‍ ജയിലിലടച്ച് പ്രതികാരം തീര്‍ക്കുകയാണെന്ന് ആരോപിച്ച് രാജ്യത്തെ ജനകീയ ആരാഗ്യപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. കുഞ്ഞുങ്ങളുടെ കൂട്ടമരണം നടന്ന ദിവസം ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡോക്ടറോട് ‘താങ്കള്‍ ഇവിടെ ഹീറോ കളിക്കുകയാണോ’ എന്ന് ചോദിച്ചത് വിവാദമായിരുന്നു.