കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ തര്‍ക്കം; ഒടുവില്‍ കുഞ്ഞിന് കേരള ഹൈക്കോടതി പേരിട്ടു

single-img
10 May 2018

കൊച്ചി: കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം തീര്‍ത്ത് ഹൈക്കോടതി. വിവാഹ മോചനത്തിന്റെ വക്കില്‍ നില്‍ക്കുന്ന ദമ്പതികള്‍ തമ്മിലെ തര്‍ക്കം മൂലം കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം മുടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തന്നെ കുട്ടിക്ക് പേരിടുകയായിരുന്നു.

കുട്ടിയുടെ മാതാവ് നിശ്ചയിച്ചിരുന്ന പേരില്‍നിന്ന് ജൊഹാന്‍ എന്ന ഭാഗവും പിതാവ് നിശ്ചയിച്ചിരുന്ന പേരില്‍നിന്ന് സചിന്‍ എന്ന ഭാഗവും എടുത്ത് ‘ജൊഹാന്‍ സചിന്‍’ എന്നാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് കുട്ടിക്ക് പേരിട്ടത്. ഭര്‍ത്താവ് ഹിന്ദു സമുദായ അംഗവും ഭാര്യ ക്രിസ്ത്യന്‍ സമുദായ അംഗവുമാണ്.

2010 ആഗസ്റ്റ് 29നാണ് ക്രിസ്ത്യന്‍ മതാചാര പ്രകാരം വിവാഹിതരായത്. തൊട്ടടുത്ത ദിവസം ഹിന്ദുമത ആചാരപ്രകാരവും വിവാഹം രജിസ്റ്റര്‍ ചെയ്തു. 2013 സെപ്റ്റംബര്‍ 20ന് ഇവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചു. പിന്നീട് ഇരുവരും തമ്മിലെ ബന്ധം മോശമായി.

വിവാഹമോചന കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. കുട്ടിയുടെ അവകാശം ആര്‍ക്കെന്ന കാര്യവും കുടുംബ കോടതിയാണ് തീരുമാനിക്കുക. കുട്ടിക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കുന്നതിന്റെ ഭാഗമായി ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഭാര്യയും ഭര്‍ത്താവും കോട്ടയം മുനിസിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കി. പക്ഷേ, രണ്ടുപേരും തമ്മിലെ അഭിപ്രായവ്യത്യാസം ശ്രദ്ധയില്‍പെട്ട മുനിസിപ്പാലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ല. തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.