വിവരാവകാശ കമ്മീഷന്‍ നിയമനം; സിപിഎം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി

single-img
10 May 2018

തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി. സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന സിപിഎം നേതാവ് എ.എ റഷീദിനെ വിവരാവകാശ കമ്മീഷണറായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് ഗവര്‍ണര്‍ തടഞ്ഞത്.

എ.എ റഷീദ് ഒഴികെയുള്ള മറ്റ് നാലുപേരുടെയും നിയമനം ഗവര്‍ണര്‍ അംഗീകരിച്ചു. സര്‍വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പോലീസ് റിപ്പോര്‍ട്ട് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റഷീദിന്റെ നിയമനം ഗവര്‍ണര്‍ അംഗീകരിക്കാതിരുന്നത്.

വിവരാവകാശ കമ്മീഷനില്‍ ചെയര്‍മാനായ വില്‍സണ്‍ എം പോള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ദീര്‍ഘകാലമായി മറ്റ് അംഗങ്ങള്‍ ഇല്ലാതെയാണ് കമ്മീഷന്‍ പ്രവര്‍ത്തിച്ചത്. ഈ സാഹചര്യത്തിലാണ് കമ്മീഷനിലേക്ക് നിയമിക്കാനുള്ള അഞ്ചുപേരുടെ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചത്. ഈ പട്ടികയില്‍ നിന്നാണ് അഡ്വ. എ.എ റഷീദിനെ ഗവര്‍ണര്‍ ഒഴിവാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ബാലനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെട്ട സമിതിയാണ് പാനല്‍ തയാറാക്കിയത്. റഷീദിനെ ഉള്‍പ്പെടുത്തുന്നതിനെ പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

വി.എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായ കെ.വി. സുധാകരന്‍, സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയായ പി.ആര്‍ ശ്രീലത, സോമദാസന്‍ പിള്ള, ആര്‍.ജി. വിവേകാനന്ദന്‍ എന്നിവരുടെ പേരുകളാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. പേരുകള്‍ ഗവര്‍ണര്‍ അംഗീകരിച്ചതോടെ ഇവരുടെ നിയമനം സാധുവായി.

എന്നാല്‍ സിപിഎം നേതാവിന്റെ നിയമനം തള്ളിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്. കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ടയാളാണ് അഡ്വ.എ.എ. റഷീദ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രാഷ്ട്രീയ നേതാവുമാണ്.

അസിസ്റ്റന്റ് നിയമനത്തില്‍ ലോകായുക്തയുടെ വിധിയെ തുടര്‍ന്ന് റഷീദിനെതിരെ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുന്നു. കേസ് ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണത്തിലുമാണ്. രാഷ്ട്രീയക്കാരെ നിയമിക്കുന്നത് വിവരാവകാശ കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍ കമ്മിഷന്‍ പുന:സംഘടന തടഞ്ഞത്.