ഭീകരവാദ സംഘടനയായ ഐഎസില്‍ ചേരണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ചു; ആറ് ബി.ജെ.പിക്കാര്‍ പിടിയില്‍

single-img
10 May 2018

ന്യൂഡല്‍ഹി: ഭീകരവാദ സംഘടനയായ ഐഎസില്‍ ചേരണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആസാമില്‍ നിന്നും ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

തപന്‍ ബര്‍മന്‍, ദ്വിപ്‌ജ്യോതി തക്കുരിയ, സൂര്യജോതി ബൈശ്യ, പുലാക് ബര്‍മന്‍, മൊജാമില്‍ അലി, മൂണ്‍ അലി തുടങ്ങിയവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ തപന്‍ ബര്‍മന്‍ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണെന്നും ഇപ്പോള്‍ ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നല്‍ബാരി ജില്ലയിലെ കൊലിഹാട്ട പ്രദേശത്തെ ഒരു മരത്തില്‍ തൂക്കിയിട്ട ഐസിസ് പതാക കണ്ടെത്തുന്നത് ഇക്കഴിഞ്ഞ മേയ് 3നാണ്. ഐസിസില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് അറബിയിലും ഇംഗ്ലീഷിലും എഴുതിയ സന്ദേശവും പതാകയില്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പതാക കണ്ടെടുക്കുകയും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടുതലേ ദിവസം സംസ്ഥാനത്ത് നിന്നും ഇതേ രീതിയിലുള്ള ആറ് പതാകകള്‍ കൂടി കണ്ടെടുത്തെന്ന വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുള്ള ബന്ധം വെളിപ്പെട്ടത്.