സംഘപരിവാര്‍ നുണയന്മാരെ….അത്, ഷംസീര്‍ എംഎല്‍എ സെല്‍ഫി എടുത്തതല്ല; റീത്ത് വാങ്ങാന്‍ കൈ ഉയര്‍ത്തിയതാണ്: ഫോട്ടോഷോപ്പ് ചിത്രം പ്രചരിപ്പിച്ച ബിജെപി ആര്‍എസ്എസ് നേതാക്കള്‍ നാണംകെട്ടു

single-img
9 May 2018

മാഹിയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങിനിടെയുള്ള ഫോട്ടോ എഡിറ്റ് ചെയ്തും സംഘപരിവാറിന്റെ വ്യാജ പ്രചാരണം. സംസ്‌കാര ചടങ്ങിനിടെ മൃതദേഹത്തിന് മുന്നില്‍ നിന്ന് സി.പി.എം നേതാവ് ഷംസീര്‍ സെല്‍ഫിയെടുക്കുന്നു എന്നായിരുന്നു വ്യാജ പ്രചരണം.

കൈ അല്‍പം ഉയര്‍ത്തി നില്‍ക്കുന്ന ഷംസീര്‍ എം.എല്‍.എയും കയ്യിലേക്കു നോക്കി നില്‍ക്കുന്ന പി.ജയരാജനും, എം.പ്രകാശന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരെയും കണ്ടാല്‍ ഒറ്റനോട്ടത്തില്‍ സെല്‍ഫി എടുക്കുന്നതായി തോന്നും.

2018 ലെ മെഗാ ഹിറ്റ് സെല്‍ഫി എന്നുപറഞ്ഞുകൊണ്ട് സംവിധായകന്‍ അലി അക്ബര്‍ ഉള്‍പ്പെടെയുള്ളവരും ചിത്രം ഷെയര്‍ ചെയ്തു. തുടര്‍ന്ന് പ്രചരണത്തിനെതിരെ സി.പി.എം സൈബര്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തുകയും യഥാര്‍ത്ഥ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് മറുപടി നല്‍കുകയുമായിരുന്നു.

മൃതദേഹം പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ കൈ ഉയര്‍ത്തി റീത്ത് വാങ്ങുന്ന എഎന്‍ ഷംസീറിന്റെ ചിത്രമാണ് മരണവീട്ടിലെ സെല്‍ഫി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. കൈ ഉയര്‍ത്തി നില്‍ക്കുന്ന ഷംസീറിന്റെ ചിത്രത്തില്‍ കൈപ്പത്തി മറച്ച് ക്രോപ്പ് ചെയ്താണ് കൈയില്‍ ഫോണ്‍ ആണെന്ന് പ്രചരിപ്പിച്ചത്.

നുണ പ്രചരണം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകളിലെ ദൃശ്യങ്ങളിലും വ്യക്തമാണ്. ഇതോടെ സംഘപരിവാര്‍ നേതൃത്വം നാണംകെട്ടിരിക്കുകയാണ്.