മഹാനടി കണ്ട ശേഷം ദുല്‍ഖറിന്റെ ആരാധകനായി മാറിയെന്ന് രാജമൗലി

single-img
9 May 2018

മഹാനടി എന്ന ചിത്രം കണ്ടതിന് ശേഷം താന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി മാറിയെന്ന് ബാഹുബലി സംവിധായകന്‍ എസ്.എസ്. രാജമൗലി. ചിത്രത്തില്‍ ദുല്‍ഖര്‍ വളരെ മനോഹരമായി ചെയ്തുവെന്നും രാജമൗലി ട്വിറ്ററില്‍ കുറിച്ചു.

ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സാവിത്രിയായുള്ള കീര്‍ത്തി സുരേഷിന്റെ അഭിനയമെന്നും രാജമൗലി ട്വീറ്റ് ചെയ്തു. വെറും അനുകരണം മാത്രമായിരുന്നില്ല കീര്‍ത്തിയുടെ അഭിനയം. ആ അതുല്യപ്രതിഭയെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുക കൂടി കീര്‍ത്തി ചെയ്തുവെന്നും രാജമൗലി പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകന്‍ നാഗ് അശ്വിനെയും രാജമൗലി അഭിനന്ദിച്ചു. സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി. ഇന്നാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യമായാണ് ദുല്‍ഖര്‍ സല്‍മാന്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. കീര്‍ത്തി സുരേഷിന് പുറമെ സാമന്ത, കാജള്‍ അഗര്‍വാള്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.