‘പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തുന്നത്; അതുകൊണ്ട് യാത്രയ്ക്ക് ചെലവായ പണം എത്രയെന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്’

single-img
9 May 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തുന്നത്.

അതുകൊണ്ട് അദ്ദേഹത്തിന്റെ യാത്രയ്ക്ക് ചെലവായ പണം എത്രയെന്നറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിലപാടെടുത്തിരുന്നു.

ഇത് തള്ളിക്കൊണ്ടാണ് വിവരാവകാശ കമ്മീഷന്റെ നടപടി. ലോകേഷ് ബാത്രയെന്നയാളാണ് വിവരാവകാശ നിയമപ്രകാരം 2016-17 വര്‍ഷത്തില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ യാത്രകള്‍, തീയതികള്‍, സ്ഥലങ്ങള്‍, സന്ദര്‍ശനം നടത്തിയ കാലയളവ് യാത്ര ചെലവുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച സ്ഥലങ്ങള്‍, യാത്ര ചെയ്ത തീയതികള്‍, ചെലവഴിച്ച സമയം തുടങ്ങിയ വിവരങ്ങള്‍ വിവരാവകാശമനുസരിച്ച് പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് വിവരാവകാശ കമ്മീഷന്‍ അംഗം അമിതാവ ഭട്ടാചാര്യ അറിയിച്ചു.

പ്രധാനമന്ത്രി നടത്തിയ വിദേശയാത്രകളും സന്ദര്‍ശിച്ച കാലയളവും, സ്ഥലവും സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ പുറത്തുവിടാമെന്നും ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. ബാത്ര ആവശ്യപ്പെട്ടതില്‍ യാത്രാചെലവ് സംബന്ധിച്ച വിവരങ്ങള്‍ നിഷേധിക്കാന്‍ എയര്‍ ഇന്ത്യ പറയുന്ന കാര്യങ്ങള്‍ സാധുവല്ലെന്നും ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിയുടെ യാത്രകള്‍ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത് കമ്പനിയുടെ നയത്തിന്റെ ഭാഗമായാണെന്ന് എയര്‍ ഇന്ത്യയും അറിയിച്ചു.